കക്കയത്ത് വന്യമൃഗ ശല്യത്തിനെതിരേ ജനകീയ പ്രതിഷേധം
1300217
Monday, June 5, 2023 12:17 AM IST
കൂരാച്ചുണ്ട്: കാട്ടാന-കാട്ടുപന്നി തുടങ്ങി വന്യമൃഗങ്ങളാൽ ജീവിതം പൊരുതിമുട്ടിയതിനെതിരേ കക്കയത്ത് കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
നാളുകളായി കക്കയത്തെ പഞ്ചവടി, മുപ്പതാംമൈൽ, ജിഎൽപി സ്കൂൾ പരിസരം എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ ആഴ്ചകളായി കാട്ടാനയിറങ്ങി കൃഷി നാശം വിതക്കുകയും ജനങ്ങളുടെ ജീവനുപോലും ഭീഷണിയായി തീർന്ന സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ കാട്ടാനയിറങ്ങി നിരവധി പേരുടെ കൃഷികൾ നശിപ്പിച്ചിരുന്നു. വനാതിർത്തികളിൽ സ്ഥാപിച്ച ഫെൻസിംഗ് കാര്യക്ഷമമല്ലാത്തതാണ് കാട്ടാനയിറങ്ങാൻ കാരണമെന്നാണ് പറയുന്നത്. വനം വകുപ്പ് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷക സംഘടനയായ കാസ് ആവശ്യപ്പെടുന്നത്.അഡ്വ. സുമിൻ നെടുങ്ങാടൻ ഉദ്ഘാടനം ചെയ്തു. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, സണ്ണി പാരഡൈസ് ,തോമസ് ചെമ്മാച്ചേൽ, ആൻഡ്രൂസ് കട്ടിക്കാന, ജോസ് അറയ്ക്കൽ, നിസാം കക്കയം, ജോണി കാഞ്ഞിരാത്താംകുന്നേൽ എന്നിവർ പ്രസംഗിച്ചു.