പന്തീരാങ്കാവിൽ വീണ്ടും ലഹരി വേട്ട
1299357
Friday, June 2, 2023 12:16 AM IST
പന്തീരാങ്കാവ്: മലപ്പുറത്തു നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിൽ.
ഫറോക്ക് സ്വദേശി കളത്തിൻ കണ്ടി അൻവർ സാലിഹ് (27), ചേളനൂർ സ്വദേശി അപ്പു എന്നറിയപ്പെടുന്ന കെ.എം. സഗേഷ് (31) എന്നിവരെയാണ് നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് 54ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ മലപ്പുറം കേന്ദീകരിച്ച് ലഹരി വിൽപന നടത്തുന്നവരിൽ നിന്നാണ് എംഡിഎംഎ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്.
ജില്ലയുടെ പല ഭാഗങ്ങളിലായി ലോഡ്ജുകളിൽ തങ്ങി കാറിൽ സഞ്ചരിച്ച് കച്ചവടം നടത്തി വരികയായിരുന്നു യുവാക്കൾ. പ്രതികൾ ആർക്കെല്ലാമാണ് ലഹരി വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധം എന്നിവ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഫറോക്ക് അസി.കമ്മീഷണർ എ.എം. സിദ്ദിഖ് പറഞ്ഞു. പിടിയിലായ യുവാക്കൾ നേരത്തെയും നഗരത്തിലെ വിവിധ സ്റ്റേഷൻ പരിധിയിൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.