കാറിൽ കടത്തുകയായിരുന്ന 144 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ
1299354
Friday, June 2, 2023 12:16 AM IST
വടകര: ആഡംബരക്കാറിൽ കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ. മദ്യവുമായി കടന്ന കാറിനെ എക്സൈസ് പിടികൂടിയത് 15 കിലോമീറ്റർ പിന്തുടർന്ന്.
ബാലുശേരി പാലത്ത് ദേശത്ത് മാവിട്ടാരി പൊയ്യിൽ എം.പി. അഭിലാഷ് (32) നെയാണ് വടകര എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ, സിഇഒ ജിജു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ചിരുന്ന തിരുവനന്തപുരം രജിസ്ട്രേഷൻ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു.
ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് അംഗം ജി.ആർ. രാഗേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച പുലർച്ചെ 4.30 ന് ദേശീയപാത പൂഴിത്തലയിൽ വാഹന പരിശോധനക്കിടെ കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. അമിത വേഗതയിൽ കുതിച്ച കാറിനെ അധികൃതരും പിന്തുടർന്നു. 15 കിലോമീറ്റർ പിന്നിട്ട കാർ മൂരാട് പാലത്തിൽ റോഡ് ബ്ലോക്കിൽ പെടുകയും അധികൃതർ അഭിലാഷിനെ പിടികൂടുകയും ചെയ്തു. കാറിൽ നടത്തിയ പരിശോധനയിലാണ് ഡിക്കിയിൽ എട്ട് കെയ്സുകളിലായി സൂക്ഷിച്ച 500 എംഎല്ലിന്റെ 144 കുപ്പി വിദേശ മദ്യം ശേഖരം കണ്ടെത്തിയത്.ബാലുശേരി, നരിക്കുനി മേഖലയിൽ വിൽപന നടത്തുന്ന സംഘങ്ങൾക്കായാണ് മദ്യം കടത്തുന്നതെന്നും മുൻപ് നാല് പ്രാവശ്യം ഇത്തരത്തിൽ മദ്യം കടത്തിയതായും പ്രതി എക്സൈസിൽ മൊഴി നൽകി. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.