സ്കൂളുകള്‍ ഒരുങ്ങി; നവാഗതരെ വരവേല്‍ക്കാന്‍
1298863
Wednesday, May 31, 2023 5:03 AM IST
കോഴിക്കോട്: രണ്ടുമാസത്തെ അവധിക്കുശേഷം വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും ശബ്ദമുഖരിതമാകും. നവാഗതരെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. വര്‍ണബലൂണുകളും വര്‍ണക്കടലാസുകളും കുരുത്തോലകളും തൂക്കി വിദ്യാലയങ്ങള്‍ പുത്തന്മോടിയണിഞ്ഞു.
ചുമരുകളും വര്‍ണചിത്രങ്ങള്‍ വരച്ചും മിക്കയിടത്തും മനോഹരമാക്കിയിട്ടുണ്ട്. കുട്ടികളെ വരവേല്‍ക്കാന്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുക. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.
തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ ഡോ.ബീനാ ഫിലിപ്പ് മുഖ്യാതിഥിയാകും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉടമ ആഗ്ന യാമി വിശിഷ്ടാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മികവ് പരിപാടിയില്‍ വിജയികളായ പ്രതിഭകളെ ആദരിക്കും. ജില്ലാ കലക്ടര്‍ എ.ഗീത ഹലോ ഇംഗ്ലീഷ് സ്റ്റോറി പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് മണിയൂര്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കും. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പ്രവേശനോത്സവ സന്ദേശം കൈമാറും.
ബ്ലോക്ക് തല പ്രവേശനോത്സവം ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കും. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് സ്കൂളുകളിലെ പ്രവേശനോത്സവ ചടങ്ങുകള്‍ നടക്കുക.
കുട്ടികളുടെ കലാപരിപാടികള്‍, പ്രവേശനോത്സവ ഗാനത്തിന്റെ അവതരണം, മധുരവിതരണം എന്നിവയുണ്ടാകും. ബിആര്‍സികളുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ സൗഹൃദസന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്സ്, പരിസരം ശുചീകരണം, സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയുടെ ശുചീകരണം, സ്കൂള്‍ വാഹനത്തിന്റെ ഫിറ്റ്നസ്സ്, സ്കൂള്‍ പരിസരത്തെ കടകള്‍ തുടങ്ങിയവ പരിശോധിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പന നടത്തുന്നില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍