നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ടോറസ് ലോറിയിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. തലശേരി റോഡിൽ പോലീസ് സ്റ്റേഷന് മുന്നിൽ സംസ്ഥാന പാതയിൽ ഇന്നലെ രാവിലെ 10നാണ് അപകടം.
കണ്ണൂർ ചെറുവാഞ്ചേരിയിൽ നിന്ന് മെറ്റലുമായി വടകര ചോറോട് ഭാഗത്തേക്ക് ഓടിക്കൊണ്ടിരിക്കുന്ന ടോറസ് ലോറിയിൽ നിന്നാണ് പുക ഉയർന്നത്. ടോറസ് ലോറിയുടെ മുൻ ഭാഗത്തെ എഞ്ചിനിൽ നിന്ന് കനത്ത പുക വമിച്ചതോടെ ഡ്രൈവർ വാഹനം നിർത്തുകയും നാദാപുരം ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഫയർ സ്റ്റേഷൻ അസി. ഫയർ ഓഫീസർ ഇ.സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റി അപകടം ഒഴിവാക്കുകയായിരുന്നു. ലോറി അമിതമായി ചൂടായതിനെ തുടർന്ന് മുൻ ഭാഗം ടയർ ഉരുകിയ നിലയിലായിരുന്നു. ലോറിയുടെ ലാൻഡർ പൊട്ടി ടയർ ചൂടായതാണ് പുക ഉയരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.