എഐ കാമറ: ഹെൽമറ്റ് വിപണി സജീവമായി
1298170
Monday, May 29, 2023 12:05 AM IST
കോഴിക്കോട്: വിവാദങ്ങൾക്കൊടുവിൽ ജൂൺ അഞ്ച് മുതൽ എഐ കാമറ മിഴി തുറക്കുമെന്ന് ഉറപ്പായതോടെ നഗരത്തിലെ ഹെൽമറ്റ് വിപണി സജീവമായി. ഹെൽമറ്റിന്റെ വിവിധ ഇനങ്ങൾ വിപണിയിൽ അവതരിപ്പിച്ചാണ് ആവശ്യക്കാരെ ആകർഷിക്കാൻ കടക്കാർ വിപണി സജീവമാക്കുന്നത്.
നേരത്തെ ഒരേ വലിപ്പത്തിലും മാകൃകയിലുമുള്ള ഹെൽമറ്റുകളാണ് വിപണിയിൽ കണ്ടു വന്നിരുന്നതെങ്കിൽ ഇപ്പോൾ പല വലിപ്പത്തിലും ന്യൂജൻ മോഡലിലും ഹെൽമറ്റുകൾ സുലഭമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമാകുന്ന തരത്തിലുള്ള നിരവധി ഹെൽമറ്റുകളാണ് നഗരത്തിലെ വിവിധ കടകളിൽ ആവശ്യക്കാരെ കാത്തിരിക്കുന്നത്. നാളിതുവരെ ഇരുചക്ര വാഹനം ഉപയോഗിക്കുന്ന വീടുകളിൽ ഭൂരിഭാഗവും പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു ഹെൽമറ്റ് മാത്രമായിരുന്നു കരുതി വച്ചിരുന്നത്.
എന്നാൽ എഐ കാമറ നിരീക്ഷണം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇരുചക്ര വാഹന ഉടമകൾ സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ ഹെൽമറ്റും തേടി കടകളിൽ എത്തി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മെറ്റ് തന്നെയാണ് മിക്കവരും ചോദിച്ചുവരുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ വിലയും ഉയര്‍ന്നു. 800 രൂപ വരെയുള്ള സാധാരണ ഹെല്‍മെറ്റുകളാണ് ആളുകള്‍ക്ക് പ്രിയം. ആയിരം രൂപയ്ക്ക് മുകളിലാണ് ബ്രാന്‍ഡ് കമ്പനികളുടെ ഹെല്‍മെറ്റിന്റെ വില. ഭാരക്കുറവും ഗുണമേന്മയുമുള്ള ഹെല്മെറ്റുകള്ക്കാണ് ആവശ്യക്കാര്‍
കൂടുതലെന്ന് വ്യാപാരികള്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിവിധ വര്‍ണ്ണങ്ങളിലുളള ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്. കാര്‍ട്ടൂണ്‍ ചിത്രങ്ങളുള്ള കുട്ടികളുടെ ഹെല്മറ്റുകള്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കടകളില്‍ നിന്ന് ഇത്തരം ഹെല്‍മറ്റുകള്‍ കിട്ടാതായതോടെ പലരും ഓണ്‍ലൈനിനെ ആശ്രയിക്കുകയാണ്. എന്നാല്‍ പരിശോധനയില്‍ നിന്ന് രക്ഷനേടാന്‍ ഗുണമേന്മയില്ലാത്ത ഹെല്‍മെറ്റ് ആവശ്യപ്പെടുന്ന വിരുതന്മാരും ഉണ്ട്. വിലക്കുറവാണ് ഇവരെ ആകര്‍ഷിക്കുന്ന ഘടകം. 300 രൂപ മുതല്‍ ഇത്തരം ഹെല്‍മെറ്റ് ലഭ്യമാണ്. അതേ സമയം തന്നെ വ്യാജ ഐഎസ്ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകളും ലഭ്യമാണ്. പാതയോരങ്ങളിലാണ് വ്യാജ ഹെല്‍മെറ്റുകളുടെ വില്‍പ്പന ഇതിനോടകം തന്നെ തകൃതിയിട്ടുണ്ട്. എന്നാല്‍, ഈ ഹെല്‍മെറ്റുകള്‍ യാതൊരുവിധ സുരക്ഷയും ധരിക്കുന്നയാള്‍ക്ക് നല്‍കുന്നില്ലെന്നാണ് വസ്തുത. നിയമത്തെ കബിളിപ്പിക്കാന്‍ മാത്രമേ ഇതു കൊണ്ടു സാധ്യമാകൂ എന്ന് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നു.