കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ റോഡ് പൊളിച്ചു തുടങ്ങി
1297622
Saturday, May 27, 2023 12:24 AM IST
മുക്കം: കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ റോഡ് പലയിടങ്ങളിലും താഴ്ന്ന സംഭവത്തിൽ പുനർ നിർമിക്കുന്നതിന്റെ ഭാഗമായി റോഡ് പൊളിച്ചു തുടങ്ങി.
കറുത്ത പറമ്പ് മുതൽ ഓടത്തെരുവ് വരെയുള്ള ഭാഗത്തെ പ്രവൃത്തിയാണ് ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് റോഡിലെ പുതിയ ടാറിംഗ് പൂർണമായും പൊളിച്ചുമാറ്റിയാണ് പ്രവൃത്തി. നേരത്തെ പ്രവൃത്തിക്കെതിരേ വിവിധ കോണുകളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് ശരി വെക്കുന്നതാണ് നിലവിൽ പലയിടത്തും റോഡിന്റെ അവസ്ഥ. നീലേശ്വരം മുതൽ ഗോതമ്പ റോഡ് വരെ പല സ്ഥലങ്ങളിലും റോഡ് താഴ്ന്ന നിലയിലാണ്.
കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ 500 മീറ്ററിനിടെ നിരവധി സ്ഥലങ്ങളിൽ റോഡ് ഒരിഞ്ചോളം താഴ്ന്ന് പോയിട്ടുണ്ട്. കരാർ കമ്പനിയുടെ സൈറ്റ് ഓഫീസിന് തൊട്ടു മുന്നിൽ തന്നെ റോഡ് താഴ്ന്ന് പോയിരുന്നു. ഓടത്തെരുവ് അങ്ങാടിയിലെ പ്രധാന വളവിലും റോഡ് താഴ്ന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്കാണ് എറ്റവുമധികം ഭീഷണിയുള്ളത്. റോഡിന്റെ താഴ്ന്ന അവസ്ഥമൂലം അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡ് താഴ്ന്ന് പോയത് മൂലം ട്രാഫിക് ലൈൻ മാർക്കിങ്ങിലും വ്യത്യാസം വന്നിട്ടുണ്ട്.റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം നടക്കുന്നത്.
കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശേരി, ഓമശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ് 222 കോടി രൂപയുടെ കരാർ നൽകിയത്. ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രൈനേജുകൾ, ടൈൽ വിരിച്ച ഹാന്റ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്.