കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ മുദ്രപതിച്ച കാറിലെത്തി സ്വര്‍ണം തട്ടാന്‍ ശ്രമം
1297371
Thursday, May 25, 2023 11:59 PM IST
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള സ്റ്റിക്കര്‍ പതിച്ച് സ്വര്‍ണം തട്ടാനെത്തിയ നാലുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.സംസ്ഥാനത്താകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവര്‍ അടക്കമുള്ള കേസായതിനാല്‍ പോലീസ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളില്‍ അര്ജുന് ആയങ്കിയുടെ കൂട്ടാളിയും ഉള്‍പ്പെടും. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര പതിച്ച വ്യാജ നമ്പറുള്ള കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. പോലീസ് ഉപയോഗിക്കുന്ന വാഹനത്തിനു സമാനമായ വിധത്തില്‍ വെള്ള ബൊലേറൊ കാറിലാണ് കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര വ്യാജമായി പതിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ വാഹനമാണെന്നു മാത്രമേ കരുതുകയുള്ളു. ഇതിലാണ് ആറംഗ സംഘം ഒളിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി പുറത്തിറങ്ങുന്ന കള്ളക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാനായിരുന്നു ഇവരുടെ പരിപാടി. സംശയം തോന്നിയ പോലീസ് ഈ വാഹനം പരിശോധിച്ചപ്പോഴാണ് സര്‍ക്കാര്‍ വാഹനമല്ലെന്ന് വ്യക്തമായത്. രണ്ടു പേര് പിടിയിലായപ്പോള്‍ മറ്റു നാലുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കണ്ണൂര്‍ കക്കാട് ഫാത്തിമ മന്സലിലില് കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് അറസ്റ്റിലായത്. മജീസ് 2021-ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകട കേസിലെ പ്രതിയാണ്. അന്ന് സ്വര്‍ണം കടത്തുന്ന സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ അര്ജുന് ആയങ്കിക്കൊപ്പം ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ അഞ്ചുപേരാണ് അന്ന് രാമനാട്ടുകരയില്‍ കാര്‍ മറിഞ്ഞ് മരിച്ചത്. പിടിയിലായ ടോണി അയ്യംപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ കാപ്പു ചുമത്തപ്പെട്ട് തൃശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ട ആളാണ്. കള്ളക്കടത്തു സ്വര്‍ണം തട്ടിയെടുക്കുവാനാണ് ഇവര്‍ എത്തിയതെന്ന് കരിപ്പൂര്‍ പോലീസ് പറഞ്ഞു.കള്ളക്കടത്തു സംഘത്തെ നയിക്കുന്ന അര്ജുന് ആയങ്കി ജയിലിലാണെങ്കിലും അവിടെയിരുന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. രക്ഷപ്പെട്ടവര്‍ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്.