സംസ്ഥാനം ഇന്നു വരെ കാണാത്ത വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു: മന്ത്രി
1297368
Thursday, May 25, 2023 11:59 PM IST
കോഴിക്കോട്: സംസ്ഥാനം ഇന്നു വരെ കാണാത്ത മികവുറ്റ വികസന പ്രവർത്തനങ്ങൾക്കാണ് ഈ ഏഴ് വർഷം സാക്ഷ്യം വഹിച്ചിട്ടുള്ളതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ കോർപറേഷൻ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വികസന നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം. ഇത്തരം പ്രവർത്തങ്ങൾക്ക് നിരവധി അംഗീകാരങ്ങളാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ളത്. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കി 2025 ഡിസംബറോടെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാൻ സാധിക്കും. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ ചെലവഴിച്ചത് 55330 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ കാര്യത്തിലും സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന നിലയിലാണ് കോർപറേഷൻ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസഭയുടെ വിവിധ വാർഡുകളിലായി 24 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് ആരംഭിക്കുന്നത്. മേത്തോട്ടുതാഴം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി. ദിവാകരൻ, എസ്. ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി. രേഖ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.