ഇരുനില കെട്ടിടം തകർന്നു വീണു
1297366
Thursday, May 25, 2023 11:59 PM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. അപകടത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ വ്യാഴാഴ്ച പുലർച്ചെ നാലോടൊണ് കെട്ടിടം തകർന്നത്.
ഇവിടെ താമസിച്ച് ജോലിചെയ്തുവരികയായിരുന്ന ബീഹാര്‍ സ്വദേശിക്കാണ് പരിക്കേറ്റത്. മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കില്ല. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി വാഹനങ്ങൾ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലർച്ചെ ആയതിനാൽ വലിയ ദുരന്തം ഒഴിവായി. മുകൾ ഭാഗത്തെ വലിയ കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങൾ റോഡിന് സമീപത്തേക്ക് വീണു.
കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടെ നവീകരിക്കുന്ന പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്.