സമ്പൂര്‍ണ വിജയത്തിലും വിജയശതമാനത്തിലും കുറവ്
1297365
Thursday, May 25, 2023 11:56 PM IST
കോഴിക്കോട്: ഹയർ സെക്കൻഡറി പരീക്ഷയില്‍ 86.32 ശതമാനം വിജയം നേടി കോഴിക്കോട് ജില്ല സംസ്ഥാനത്ത് രണ്ടാമത്. കഴിഞ്ഞ തവണ 87.79 ശതമാനം വിജയം നേടി ജില്ല ഒന്നാമതായിരുന്നു.
176 സ്കൂളുകളിലായി പരീക്ഷയെഴുതിയ 39,598 വിദ്യാര്‍ഥികളില്‍ 34,182 തുടർപഠന യോഗ്യത നേടി. കഴിഞ്ഞ തവണ പരീക്ഷ എഴുതിയ 36,696 കുട്ടികളിൽ 32,214 പേര് തുടർപഠന യോഗ്യത നേടിയിരുന്നു.3,774 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണ 4,283 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ടെക്നിക് സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 96 കുട്ടികളിൽ 64 പേർ തുടർപഠന യോഗ്യത നേടി. 66.67 % വിജയം നേടി. ഓപ്പൺ സ്കൂളുകളിൽ 4,725 പേർ എഴുതിയതിൽ 2,650 തുടർപഠന യോഗ്യത നേടി. 56.08 ആണ് വിജയശതമാനം. ജില്ലയിലെ 28 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പരീക്ഷയെഴുതിയ 2,570 പേരിൽ 2013 പേർ തുടർപഠന യോഗ്യത നേടി. 78.33 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 81.65 ആയിരുന്നു വിജയ ശതമാനം. എംജെവിഎച്ച്എസ്എസ് വില്യാപ്പിള്ളി 100 ശതമാനം വിജയം നേടി.
സർക്കാർ
സ്കൂളുകൾ
ഇത്തവണയും പിന്നോട്ട്
ജില്ലയിൽ ഇത്തവണ നാല് സ്കൂളുകൾ നൂറുശതമാനം വിജയം നേടിയെങ്കിലും ഇക്കൂട്ടത്തിൽ സർക്കാർ സ്കൂളുകളില്ല. എയ്ഡഡ് സ്കൂളുകളായ കോഴിക്കോട് സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് (179 വിദ്യാർഥികൾ), മണ്ണൂർ നോർത്ത് സിഎംഎച്ച്എസ്എസ് (155), എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്എസ്എസ് (32), എന്നിവയാണ് ഫുൾ എ പ്ലസ് നേടിയത്. അൺ എയ്ഡഡ് വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് (104 ) നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ തവണ 7 സ്കൂളുകൾക്കായിരുന്നു നൂറുമേനി വിജയം.
കരുണയ്ക്ക് നൂറിന്റെ
തിളക്കം
കോഴിക്കോട്: കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണയും നൂറിന്റെ തിളക്കം. ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 32 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി .
തുടർച്ചയായി എട്ടാം തവണയാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ 100% വിജയം നേടുന്നത്. 18 ആൺകുട്ടികളും, 14 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. നാലുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു .നാലു വിദ്യാർത്ഥികൾ ഒരു വിഷയം ഒഴികെ ബാക്കി വിഷയങ്ങളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കി.
കൂരാച്ചുണ്ട് സ്കൂളിന്
മികച്ച വിജയം
കൂരാച്ചുണ്ട്: പ്ലസ്ടു പരീക്ഷയിൽ കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കണ്ടൻഡറി സ്കൂളിന് മികച്ച വിജയം.116 കുട്ടികൾ പരീക്ഷയെഴുതിയവരിൽ 110 പേർ വിജയിച്ചു.16 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 151 വിദ്യാർഥികൾ പരീക്ഷയെഴുതിയവരിൽ 117 പേർ വിജയിച്ചു.18 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 236 പേർ പരീക്ഷയെഴുതിയവരിൽ 206 പേർ വിജയിച്ചു. 23 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.