എസ്ഐയും പോലീസുകാരുമില്ല നാദാപുരം ട്രാഫിക് യൂണിറ്റ് നോക്കു കുത്തി
1297154
Wednesday, May 24, 2023 11:59 PM IST
നാദാപുരം: ട്രാഫിക് യൂണിറ്റിൽ പോലീസുകാരുടെ ഒഴിവുകൾ നികത്താതായതോടെ നാദാപുരം ട്രാഫിക് യൂണിറ്റ് നോക്ക് കുത്തി. ഗതാഗത കുരുക്കിലും അനധികൃത പാർക്കിംഗിലും വലഞ്ഞ് ടൗണും പരിസരവും.
സംസ്ഥാന പാതയിൽ നാദാപുരം ടൗൺ, തലശേരി റോഡ്, വടകര റോഡിൽ ഗവ. ആശുപത്രി പരിസരവുമാണ് ഗതാഗത കുരുക്കിലും അനധികൃത പാർക്കിംഗിലും പെട്ട് ഉഴലുന്നത്. ബസ് സ്റ്റാൻഡിന് പിൻവശം തലശേരി റോഡിലാണ് അനധികൃത പാർക്കിംഗ് രൂക്ഷം. നടു റോഡിൽ ഡ്രൈവർ പോലും വാഹനത്തിലില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്വകാര്യ ബസുകൾക്കാണ് കുരുക്കാവുന്നത്. 2015 ഒക്ടോബറിലാണ് നാദാപുരത്ത് ട്രാഫിക് യൂണിറ്റ് ആരംഭിക്കുന്നത്. ഒരു എസ്ഐ, എഎസ്ഐ, ഡ്രൈവർ, രണ്ട് പോലീസുകാർ എന്നിങ്ങനെയാണ് യൂണിറ്റിലെ അംഗ സംഖ്യ. സ്റ്റേഷനിൽ നിന്നാണ് ഈ ഒഴിവുകൾ നികത്തി ട്രാഫിക് യൂണിറ്റ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്. എന്നാൽ രണ്ട് മാസം മുമ്പ് യൂണിറ്റിലെ എസ്ഐ റിട്ടയർ ചെയ്യുകയും, എഎസ്ഐ ട്രാൻസ്ഫർ പോവുകയും ചെയ്തതോടെ യൂണിറ്റിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തിട്ടുണ്ട്. ഹോം ഗാർഡുകളെ ഉപയോഗിച്ചാണ് കല്ലാച്ചി, നാദാപുരം ടൗണുകളിലെ ഗതാഗതം നിയന്ത്രിക്കുന്നത്.