പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു
1297147
Wednesday, May 24, 2023 11:59 PM IST
മുക്കം: മുക്കം ടൗണിലെ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ ജില്ലാതല സ്ക്വാഡിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, മറ്റു നിരോധിത ഉത്പന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും മുക്കം നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ, സെക്രട്ടറി അനീസ് ഇന്റിമേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അനിൽകുമാർ, മുക്കം നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. രാജേന്ദ്രൻ, ബീധാ ബാലൻ, ടി.വി മിബീഷ് എന്നിവരെയാണ് തടഞ്ഞത്. ഒരു കാരണവശാലും പരിശോധന അനുവദിക്കില്ലെന്ന വ്യാപാരി നേതാക്കളുടെ നിലപാടിനെ തുടർന്ന് വാക്കേറ്റവും ചെറിയ സംഘർഷാവസ്ഥയുമുണ്ടായി. തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. പേലീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ചർച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന ധാരണയിലാണ് ഇന്നലത്തെ പ്രതിഷേധം അവസാനിപ്പിച്ചത്.
വ്യാപാരികളെ ദ്രോഹിക്കാൻ അനുവദിക്കില്ല: വ്യാപാരി
വ്യവസായി
ഏകോപന സമിതി
മുക്കം: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പേരിൽ ചെറുകിട വ്യാപാരികളെ ദ്രോഹിക്കാൻ അനുവദിക്കുകയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ പ്രസ്താവനയിൽ പറഞ്ഞു.
അശാസ്ത്രീയമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പ്ലാസ്റ്റിക്ക് കാരി ബാഗുകളുടെ നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ടൗണുകൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികളെയാണ്. കൃത്യമായ ബദൽ സംവിധാനം ഒരുക്കാതെയാണ് നിരോധനം നടപ്പിലാക്കിയത്.
ഡി കട്ടുള്ള പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഇതേ കവറുകൾ പാക്കിങ്ങിനു ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തത് കുത്തക ഭീമന്മാരെ സഹായിക്കാൻ വേണ്ടിയാണെന്നും പ്രസ്താവനയിൽ പറയുന്നു.