നാദാപുരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ; ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി
1296901
Wednesday, May 24, 2023 12:20 AM IST
നാദാപുരം: മലയോര മേഖലയിൽ ആദിവാസികൾ ഉൾപ്പെടെ നൂറുക്കണക്കിന് സാധാരണക്കാർ ദിനം പ്രതി ആശ്രയിക്കുന്ന നാദാപുരം താലൂക്ക് ആശുപത്രിയെ തകർക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ തൂണേരി ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി.
പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി നിർവഹിച്ചു. കരാർ അടിസ്ഥാനത്തിൽ നിലവിൽ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ പിരിച്ചു വിട്ട് പകരക്കാരായി പാർട്ടി പ്രവർത്തകരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. വർഷങ്ങളായി ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിലൂടെ ഹോസ്പിറ്റലിന്റെ ഭരണ ചുമതലയുള്ള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെയാണ് ഹോസ്പിറ്റലിന് കൊലക്കയർ ഇടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന നാളിൽ മലബാർ പാക്കേജിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിത് നൂറിലേറെ കിടക്കകൾ ഒരുക്കിയിട്ടും പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ ആശുപത്രിയിലേക്കും മറ്റും പറഞ്ഞയക്കുന്ന നിരുത്തരവാദ സമീപനം തുടർക്കഥയാവുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കെ.എം ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. ഹാരിസ്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ, ഹാരിസ് കൊത്തിക്കുടി,എം.കെ സമീർ, എ.എഫ്. റിയാസ്, അജ്മൽ, സി. ഫാസിൽ, ഇ.വി അറഫാത്ത് പ്രസംഗിച്ചു.