14 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന വീട്ടുജോലിക്കാരിക്ക് വീട് നിർമിച്ചു നൽകി ഒരു കുടുംബം
1296899
Wednesday, May 24, 2023 12:20 AM IST
കൊടിയത്തൂർ: 14 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന വീട്ടുജോലിക്കാരിക്ക് വീട് നിർമിച്ചു നൽകി ഒരു കുടുംബം. തോട്ടുമുക്കം നെല്ലിത്താനത്ത് കാലായിൽ സിറിയക് ജോസും കുടുംബവുമാണ് അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകിയത്.
14 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന ജന്മനാ ഇരു കണ്ണിനും കാഴ്ച പരിമിതിയുള്ള തോട്ടുമുക്കം മാടാമ്പി സ്വദേശി രാജു പൊയിലും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിനാണ് ഇവർ വീട് നിർമിച്ചു നൽകിയത്. നാല് മാസം മുൻപാണ് ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വച്ച് നൽകണമെന്ന് സിറിയക് ജോസും സഹോദരി മേരികുട്ടിയും ആഗ്രഹം പ്രകടിപ്പിക്കുന്നതും കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നത്.
കുടുംബത്തിലെ മറ്റു അംഗങ്ങളും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. വീട്ടിലെ ജോലിക്കാരി സിന്ധുവിന്റെ കഥ അറിഞ്ഞ സിറിയക് ജോസ് അവരെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ജന്മനാ 40 ശതമാനം മാത്രം കാഴ്ചയുള്ള ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം എന്ത് കൊണ്ടും വീടിന് അർഹമാണെന്ന് മനസിലാക്കുകയായിരുന്നു.തുടർന്ന് അവർക്ക് വീട് വച്ചു നൽകാൻ കുടുംബം തീരുമാനിക്കുകയാരുന്നു. തോട്ടുമുക്കം ഭാഗത്തെ പല സ്ഥലങ്ങളിലും വീട് നിർമിക്കാനായി സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. അവസാനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ എടക്കാട്ടു പറമ്പിൽ അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടെത്തുകയായിരുന്നു. തങ്ങൾക്ക് ഒരു വീട് എന്നത് ഒരു വലിയ സ്വപ്നമായിരുന്നുവെന്നും ഇപ്പോൽ വലിയ സന്തോഷം ഉണ്ടെന്നും രാജുവും ഭാര്യ സിന്ധുവും പറഞ്ഞു. കൊടിയത്തൂർ കോപ്പറേറ്റീവ് അർബൻ സൊസൈറ്റി കളക്ഷൻ ജീവനക്കാരൻ കൂടിയാണ് സിറിയക് ജോസ്. ആർഭാടമില്ലാത്ത നടന്ന ചടങ്ങിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജൊ ആന്റണി വീടിന്റെ താക്കോൽ കൈമാറി. വാർഡ് അംഗം ബഷീർ ആധാരം കൈമാറി.