മഞ്ഞപ്പള്ളി ഭൂമി; സംഘർഷത്തിനിടെ ഒരാൾക്ക് പരിക്ക്
1282722
Friday, March 31, 2023 12:07 AM IST
നാദാപുരം : വളയം മഞ്ഞപ്പള്ളിയിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമി അളന്ന് തിട്ടപെടുത്താനുള്ള കോടതി ഉത്തരവ് പോലീസ് നടപടിയിലൂടെ നടപ്പിലാക്കി.
സമരസമിതി പ്രവർത്തകരും പോലീസുമായുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. വളയം പുഞ്ച സ്വദേശിയും സിപിഎം പ്രവർത്തകനുമായ വേങ്ങകണ്ടിയിൽ വി.കെ.സുധീർ (48) നാണ് പരിക്കേറ്റത്. ഇയാളുടെ ഇടത് കാലിന് പൊട്ടലേറ്റു.വടകര സബ് കോടതി നിർദ്ദേശത്തെ തുടർന്നാണ് വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് അഭിഭാഷക സംഘം വിവാദ ഭൂമി അളക്കാനെത്തിയത്. സമര സമിതി പ്രവർത്തകരുടെ എതിർപ്പുകൾ ഉണ്ടാവുമെന്ന വിവരത്തെ തുടർന്ന് നാദാപുരം ഡിവൈ എസ് പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഇതിനിടയിലാണ് വനിത അഭിഭാഷക ഉൾപ്പെടെയുള്ള സംഘം പോലീസ് വാഹനത്തിൽ സ്ഥലത്തെത്തിയത്. സ്ഥലത്ത് സംഘടിച്ച് നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സമര സമിതി പ്രവർത്തകർ പോലീസ് വാഹനം തടയുകയും റോഡിൽ കുത്തിയിരിക്കുകയുമായിരുന്നു. തുടർന്ന് പോലീസുകാർ പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കുകയും വാഹനം കടത്തി വിടുകയും സർവ്വെ ആരംഭിക്കുകയും ചെയ്തു. ഇതിന് ശേഷവും സമരക്കാർ പ്രവൃത്തി തടസ്സപ്പെടുത്താൻ പല തവണ ശ്രമം നടത്തുകയും പോലീസുകാരുമായികയ്യാങ്കളിയിലും വാക്ക് തർക്കത്തിലും ഏർപ്പെട്ടു.ഡിജിറ്റൽ സർവ്വെക്കെത്തിയ ജീവനക്കാർക്ക് നേരെയും സമര സമിതി പ്രവർത്തകരുടെ
കൈയ്യേറ്റ ശ്രമവും , ഭീഷണിയും ഉണ്ടായി. ജീവനക്കാർക്ക് ചുറ്റും വനിത പോലീസുകാർ ഉൾപെടെയുള്ളവർ സംരക്ഷണ കവചം തീർക്കുകയും 3.52 ഏക്കർ ഭൂമിയിൽ ഒന്നര മണിക്കൂറിലേറെ സമയം എടുത്ത് അളവ് പൂർത്തിയാക്കുകയും ചെയ്തു. നേരത്തെ രണ്ട് തവണ ഭൂമി അളക്കാനുള്ള കോടതി ഉത്തരവ് സമര സമിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നടപ്പിലായിരുന്നില്ല. ഇതോടെ കോടതി സിഐയെ നേരിട്ട് വിളിച്ച് വരുത്തി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിഐ മാരായ ജെ.ആർ രഞ്ജിത്ത്, ഇ.വി. ഫായിസ് അലി, ശിവൻ ചോടാത്ത്, എം.ടി. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിനെയും വനിത പോലീസുകാർ ഉൾപ്പെടെ200 ഓളം പേരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു.