സോഫ്റ്റ് വെയർ എൻജിനിയർ ട്രാക്ടറുമായി കൃഷിയിലേക്ക്
1282271
Wednesday, March 29, 2023 11:38 PM IST
താമരശേരി: സോഫ്റ്റ് വെയർ എൻജിനീയറായ യുവ കർഷകൻ ട്രാക്റ്റർ സ്വന്തമാക്കി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നു. ബാംഗ്ലൂരിലെ സ്വകാര്യ മൾട്ടിനാഷണൽ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറായ പരപ്പൻപൊയിൽ ചെറുവലത്ത് ശ്രീപത്മം വീട്ടിൽ അജയ് കൃഷ്ണ കഴിഞ്ഞ രണ്ടുവർഷക്കാലമായി കമ്പനി ജോലിക്കൊപ്പം ഗ്രാമത്തിലെ കതിർ കർഷക കൂട്ടായ്മയിലെ സജീവ അംഗംകൂടിയാണ്.ചാക്കാത്ത് വയലിൽ രണ്ടേക്കർ തരിശു നിലത്തെ നെൽകൃഷി കൂട്ടായ്മ വിജയമായതോടെയാണ് നിലമൊരുക്കാൻ ട്രാക്റ്റർ സ്വന്തമാക്കാൻ പ്രേരണയായത്.
കേന്ദ്ര സംസ്ഥാന സർകാരുകളുടെ ചെറുകിട യന്ത്രവത്കൃത സബ്സിഡി പദ്ധതിയിലൂടെയാണ് ഇത് പ്രാവർത്തികമാക്കിയത്. കൊയ്ത്തു കഴിഞ്ഞ ചാക്കാത്ത് വയലിൽ ട്രാക്റ്ററിന്റെ കന്നിപ്പൂട്ട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.സി. അബ്ദുൾ അസീസ്, കൃഷി ഓഫീസർ സബീന, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, വിപിൻ, പാടശേഖര സമിതി അംഗങ്ങളായ ഗിരീഷ് തേവള്ളി, രാധാകൃഷ്ണൻ ചെമ്പ്ര, കതിർ കർഷക കൂട്ടായ്മ ഭാരവാഹികളായ വാസുദേവൻ, പ്രകാശൻ, കെ. വിശ്വനാഥൻ, ഷാജി പുതിയോട്ടിൽ, മംഗലത്ത് മുഹമ്മത്, സുരേഷ് ചാടിക്കുഴി സംബന്ധിച്ചു.