കെ.ടി. ജലീലിനെതിരേ കാസ് പ്രതിഷേധിച്ചു
1280718
Saturday, March 25, 2023 12:39 AM IST
കൂരാച്ചുണ്ട്: കർഷകരുടെ നിലപാടിനൊപ്പം നിന്ന തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ അധിക്ഷേപം നടത്തിയ കെ.ടി. ജലീൽ എംഎൽഎയുടെ നടപടിയിൽ കേരള കർഷക അതിജീവന സംയുക്ത സമിതി യോഗം (കാസ്) പ്രതിഷേധിച്ചു. ജീവിക്കാൻ ഗതിയില്ലാത്ത മലയോര കർഷകരുടെ വീടുകളിൽ ജപ്തി നോട്ടീസ് പതിക്കുന്ന സാഹചര്യമാണുള്ളത്. സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് ആത്മഹത്യയുടെ മുമ്പിൽ നിൽക്കുന്ന ഒരു സമൂഹത്തിന് ഏക രക്ഷയെന്നത് റബർ, നാളികേരം തുടങ്ങിയ വിളകളുടെ വില വർധിപ്പിക്കുകയെന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കാര്യങ്ങൾ തിരിച്ചറിയാൻ നല്ലവണ്ണം അറിയാവുന്നവരാണ് കർഷകരെന്നും കാസ് സംസ്ഥാന രക്ഷാധികാരിയായ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.
മണ്ണിൽ പണിയെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ത്യജിക്കുന്ന രീതിയിലുള്ള ഇത്തരം പ്രസ്താവനകൾ ഇനി ഒരു വ്യക്തിയിൽനിന്നും ഉണ്ടാകാതിരിക്കാൻ വേണ്ട നിയമനടപടികൾ സർക്കാരും കോടതിയും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസ് ജില്ലാ ചെയർമാൻ മോൺ. ജോൺ ഒറവുങ്കര, ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം, സംസ്ഥാന നേതാക്കളായ ജോയി കണ്ണഞ്ചിറ, ഡോ. ചാക്കോ കാളാപറമ്പിൽ, ബാബു പുതുപ്പറമ്പിൽ, ബാബു പൈകയിൽ, വി.ടി. തോമസ്, ജിജോ വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.