കാട്ടാന പേടിയിൽ മണ്ടോപ്പാറ, ഓട്ടപ്പാലം നിവാസികൾ; കാർഷിക വിളകൾ നശിപ്പിച്ചു
1280712
Saturday, March 25, 2023 12:39 AM IST
കൂരാച്ചുണ്ട്: ചക്കയുടെ കാലമായതോടെ കാട്ടാനകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റ ഭീതിയിലാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡ് ഓട്ടപ്പാലം, മണ്ടോപ്പാറ നിവാസികൾ. കാലങ്ങളായി ഈ മേഖലകളിൽ കാട്ടാനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഇതിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് കർഷകർ ഉയർത്തുന്നത്.
കക്കയം വനത്തിൽ നിന്നും പെരുവണ്ണാമൂഴി ഡാമിന്റെ ഈ മേഖലയിലുള്ള റിസർവോയർ നീന്തി കടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത്. ഈ മേഖലകളിൽ കാട്ടാനകളുടെ കടന്നുകയറ്റം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യം സാധ്യമാകാത്തത് ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാട്ടാനകൾ ഇറങ്ങി ഒട്ടപ്പാലത്തെ കർഷകൻ മറ്റത്തിൽ മാണിയുടെ കൃഷിയിടത്തിലും മണ്ടോപ്പാറയിലെ കർഷകൻ ഒറ്റപ്ലാക്കൽ റെജിയുടെ കൃഷിയിടത്തിലും വാഴ, കമുക് എന്നിവ നാശം വരുത്തി. ആനകൾക്ക് വനത്തിൽ ഭക്ഷണത്തിന്റെ കുറവാണ് ചക്കയുടെ കാലമാകുമ്പോൾ ആനകൾ കൂട്ടമായി കയറുന്നതെന്നാണ് കർഷകർ പറയുന്നത്.
എല്ലാ വർഷങ്ങളിലും ഈ സമയത്താണ് ആനകൾ ഇറങ്ങുന്നത്. വീടിന് മുറ്റത്തു പോലും ഇവ എത്തുന്നത് ജീവനുപോലും ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണാൻ ഫെൻസിംഗ് സ്ഥാപിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
കാട്ടാനകളെ തടയാൻ
ഫെൻസിംഗ്
സ്ഥാപിക്കണമെന്ന്:
കർഷകസംഘം
കൂരാച്ചുണ്ട്: കാട്ടാനകൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങളിൽ ഭീതി പരത്തുകയും ചെയ്യുന്ന കാട്ടാന ശല്യത്തിന് അറുതി വരുത്താൻ ഈ മേഖലകളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാട്ടാനകൾ കൃഷി നാശം വരുത്തിയ കൃഷിയിടങ്ങൾ സന്ദർശിച്ച കർഷക സംഘം കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
ഈ മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനംവകുപ്പ് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ സി. വിജിത്തിന്റെ നേതൃത്വത്തിൽ വന പാലകർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
കാട്ടാനക്കൂട്ടം നാശ നഷ്ടം വരുത്തിയ കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്നും വനം വകുപ്പിന്റെ രാത്രികാല പെട്രോളിംഗ് ആരംഭിക്കണമെന്നും മേഖലാ സെക്രട്ടറി എൻ.കെ. കുഞ്ഞമ്മദ്, എ.സി. ഗോപി, ടി.കെ. ഭാസ്കരൻ, ടി.കെ. മുകുന്ദൻ എന്നിവർ ആവശ്യപ്പെട്ടു.