കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1278957
Sunday, March 19, 2023 12:59 AM IST
മുക്കം: കാട്ടുപന്നി ശല്യം രൂക്ഷമായ കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയിതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നിർദേശപ്രകാരം എം. പാനൽ ഷൂട്ടർ സജി തോമസാണ് വെള്ളിയാഴ്ച രാത്രി 9.30 ഓടെ കാട്ടുപന്നിയെ വെടിവച്ചുകൊന്നത്. പന്നിയെ സംഭവസ്ഥലത്തിന് സമീപം പഞ്ചായത്ത് പ്രസിഡന്റിന്റെയും പതിനാറാം വാർഡ് അംഗം ഫസൽ കൊടിയത്തൂരിന്റെയും കർഷകരുടെയും സാന്നിധ്യത്തിൽ മറവ് ചെയ്തു. പഞ്ചായത്തിലെ ചാത്തപ്പറമ്പ്, മുറ്റത്തുംമൂല ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വിളകൾ നശിപ്പിച്ച് കർഷകർക്ക് തീരാനഷ്ടങ്ങൾ ഉണ്ടാക്കുന്ന കാട്ടുപന്നികളെ നിയമപരമായി കൊല്ലുന്നതിന് ഇനിയും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അറിയിച്ചു.