തിരുവമ്പാടി-ആനക്കാംപൊയിൽ റോഡ് നവീകരിക്കാൻ നടപടി വേണം
1264410
Friday, February 3, 2023 12:15 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ - ആനക്കാംപൊയിൽ -മറിപ്പുഴ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുമെന്ന് എംഎൽഎ മൂന്ന് വർഷം മുന്പ് പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതുവരെയും ഒരു പ്രവൃത്തിയും നടത്തിയില്ലെന്ന് മാത്രമല്ല യാത്ര അസാധ്യമായ വിതത്തിൽ റോഡ് തകർന്നിരിക്കുകയുമാണ്. ബജറ്റിൽ ഫണ്ട് വകയിരുത്തിയതായി പലതവണ വാർത്തകൾ വന്നെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ പോലും നടന്നിട്ടില്ല. ഈ റോഡിലുള്ള കാളിയാമ്പുഴ പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നിസംഗത പാലിക്കുകയാണെന്ന് കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ടി.ജെ. കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്സി പുളിക്കാട്ട്, മനോജ് വാഴേപ്പറമ്പിൽ, ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.