ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് ഡ്രൈവർമാർ
1263529
Tuesday, January 31, 2023 12:06 AM IST
കോഴിക്കോട്: ജില്ലയിൽ ഓടുന്ന ഓൺലൈൻ ടാക്സി സർവീസുകളുടെ ചക്രം നിലച്ചിട്ട് ഇന്നേക്ക് 12 ദിവസം. ജോലിക്ക് മാന്യമായ കൂലി ആവശ്യപ്പെട്ട് കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരമാണ് 12ാം ദിവസത്തിലേക്ക് കടന്നത്.
ജില്ലയിൽ ഓല, ഊബർ ഓൺലൈൻ ടാക്സികളാണ് സർവീസ് നടത്തുന്നത്. കോർപറേറ്റ് മാതൃകയിൽ പ്രവർത്തിക്കുന്ന കന്പനികൾ ടാക്സി സർവീസ് നടത്തുന്ന ഡ്രൈവർമാരെ യാതൊരു തരത്തിലും പരിഗണിക്കാത്ത രീതിയിൽ നീങ്ങിയതോടെയാണ് യൂണിയന് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നത്. കേരളത്തിൽ ടാക്സി സർവീസുകൾക്ക് ഒരു കിലോമീറ്ററിന് 18 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
എന്നാൽ ഓൺലൈൻ സർവീസുകൾ ഡ്രൈവർമാർക്ക് ഇതിലും കുറഞ്ഞ പണമാണ് അനുവദിക്കുക. ഓല കന്പനി കിലോമീറ്ററിന് 12 രൂപ നൽകുന്പോൾ ഊബർ ഒന്പത് രൂപ മാത്രമാണ് ഡ്രൈവർമാർക്ക് നൽകുന്നത്.
ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്പോൾ വാഹനം വാങ്ങിയതിന്റെ വായ്പ തിരിച്ചടവ് പോലും സാധിക്കാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ രക്ഷാധികാരി പി. സന്തോഷ്കുമാർ പറയുന്നു. കേരളത്തിൽ തന്നെ ജില്ലകൾ കേന്ദ്രീകരിച്ചു വിവിധ നിരക്കാണ് കന്പനികൾ ഡ്രൈവർമാക്ക് നൽകുന്നത്. എറണാകുളത്ത് കൂടുതൽ നിരക്ക് ഡ്രൈവർമാർക്ക് ലഭിക്കുന്നുണ്ടെന്നും സന്തോഷ് കുമാർ പറയുന്നു. നിലവിൽ സമരം ആരംഭിച്ചതു മുതൽ ചർച്ചകൾ നടക്കുന്നുണ്ട്. കന്പനികളിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവർമാരെന്നും സന്തോഷ്കുമാർ പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ പുറപ്പടിവിച്ച അഗ്രിഗേറ്റഡ് ലൈസൻസ് പദ്ധതി കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ ആരോപിക്കുന്നു. ഡ്രൈവർമാർക്ക് ഏറെ പ്രയോജനമുള്ള പദ്ധതിയാണ് അഗ്രിഗേറ്റഡ് ലൈസൻസ് പദ്ധതി. ഓൺലൈൻ സർവീസിനായി ഏത് കന്പനി മുന്നോട്ട് വന്നാലും സർക്കാർ മുന്നോട്ട് വന്നാലും സഹകരിക്കുമെന്ന നിലപാടിലാണ് കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ.