ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1263235
Monday, January 30, 2023 12:34 AM IST
കോഴിക്കോട്: ബാലുശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ബാലുശേരി ഗോകുലം കണ്വന്ഷന് സെന്ററില് നടന്ന ബാലുശേരി മണ്ഡലം വികസന സെമിനാര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ സാധ്യതകള് പരിശോധിക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ റിപ്പോര്ട്ട് പരിശോധിച്ച് തുടര് നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. സർവതല സ്പര്ശിയായ വികസനമാണ് സര്ക്കാരിന്റെ ലക്ഷ്യം.
വികസനം എല്ലാമേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും എത്തണം.
വികസനം ലക്ഷ്യമിടുന്ന ഓരോ നിര്ദ്ദേശങ്ങളും സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുന്നേറ്റവും ഉള്ക്കൊള്ളുന്നതായിരിക്കണം. സാമൂഹിക, ക്ഷേമ പദ്ധതികള് നടപ്പാക്കുന്നതില് നിന്നും സര്ക്കാര് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ വീതി, ഡ്രെയിനേജ്, വെള്ളം ഒഴിഞ്ഞു പോവുന്നതിനുള്ള സംവിധാനം, ഡിവൈഡര് എന്നിവ അടങ്ങുന്ന കൃത്യമായ ഡിസൈന് സംവിധാനത്തിലൂടെ മാത്രമേ കേരളത്തില് പുതിയ റോഡുകള് നിര്മ്മിക്കാവൂ എന്ന തീരുമാനം സര്ക്കാര് പരിഗണനയിലാണെന്നും ഇത് പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. പുതിയ തൊഴില് സാധ്യതകള് സൃഷ്ടിക്കുന്ന സംരംഭങ്ങള് ആരംഭിക്കുന്നതിനുള്ള വ്യത്യസ്തമായ സഹായങ്ങള് നല്കല്, എസ് സി-എസ്.ടി ഭിന്നശേഷി ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തല് തുടങ്ങിയ മണ്ഡലത്തിലെ എല്ലാ വികസന സാധ്യതകളും സെമിനാറില് ചര്ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകളില് നിന്നും ശേഖരിച്ച വികസന നിര്ദ്ദേശങ്ങളും ചര്ച്ചക്ക് വിധേയമായി.അഡ്വ. കെ.എം. സച്ചിന്ദേവ് എംഎല്എ അധ്യക്ഷത വഹിച്ചു. ചടങ്ങില് തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷര് മന്ത്രി പി. എ മുഹമ്മദ് റിയാസ് മുന് എംഎല്എ പുരുഷന് കടലുണ്ടിക്ക് നല്കി പ്രകാശനം ചെയ്തു.