ഷിൽജിയുടെ ഫുട്ബോള്‍ മാന്ത്രികത ഇനി ഇന്ത്യന്‍ ക്യാമ്പിലേക്ക്
1262038
Wednesday, January 25, 2023 12:38 AM IST
ജോൺസൺ പൂകമല
കൂരാച്ചുണ്ട്: കാൽപന്ത് കളിയിൽ മാസ്മരികത തീർത്ത് കക്കയം സ്വദേശിനി ഷിൽജി ഷാജി ഫുട്ബോളില്‍ ഉയരങ്ങള്‍ കീഴടക്കുന്നു.
അണ്ടർ 17-വിഭാഗത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചതിലൂടെ എത്തിച്ചേർന്നത് ഇന്ത്യൻ ക്യാമ്പിലേക്ക്. 21-ന് എറണാകുളം പനമ്പള്ളിയിൽ വച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തിൽ നിന്ന് തെരഞ്ഞടുത്ത പത്ത് പേരിൽ ഒരാളാണ് ഷിൽജി ഷാജിയെന്ന കുഞ്ഞാറ്റ. കക്കയം നീർപ്പിഴാകം ഷാജി-എൽസി ദമ്പതികളുടെ ഇളയ മകളായ ഷിൽജി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വരെ പഠനം നടത്തി. ഇപ്പോൾ കണ്ണൂർ ജിവിഎച്ച്എസ്എസ്. സ്പോർട്സ് ഡിവിഷൻ സ്കൂളിൽ പത്താംതരം വിദ്യാർഥിനിയാണ്. പരിശീലകരായ കല്ലാനോട്ടെ ബാബു പ്ലാത്തോട്ടത്തിൽ, കായിക അധ്യാപികയായ സിനി ജോസ് എന്നിവരുടെ ശിക്ഷണത്തിലൂടെയാണ് മികച്ച താരമായി മാറിയത്. 2017-ൽ ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ ഗുവാഹത്തിയിൽ വച്ച് നടന്ന സുബ്രതോ കപ്പ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും ഷിൽജി ഗോളുകളുടെ പെരുമഴ തീർത്തിരുന്നു.