അനധികൃത കെട്ടിടത്തിൽ കച്ചവടം തകൃതി: അനങ്ങാതെ കോർപറേഷൻ
1247021
Thursday, December 8, 2022 11:57 PM IST
കോഴിക്കോട്: നഗരത്തിൽ കോർപറേഷന്റെ അനുമതിയോ ലൈസൻസോ ഇല്ലതെ കനോലി കനാൽ നികത്തിയുണ്ടാക്കിയ കെട്ടിടത്തിൽ കച്ചവടം തകൃതി. അരയിടത്ത്പാലം ജംഗ്ഷനോട് ചേർന്നുള്ള കനോലി കനാലിന്റെ മിനിബൈപാസിന്റെ അരുക് ചേർന്നുള്ള കെട്ടിടത്തിലാണ് കട നടത്താൻ കോർപറേഷന്റെ അനുമതിയില്ലാതെ കച്ചവടം തകൃതിയായി നടക്കുന്നത്. കനാലിലനോട് ചേർന്നുള്ള ഭൂമിയിൽ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും മറ്റും ആദ്യം തള്ളിയാണ് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് പെട്ടന്ന് തന്നെ കെട്ടിടത്തിന്റെ പണിയും പൂർത്തിയാക്കി. അനുമതിയില്ലാത്ത കെട്ടിടത്തിന് കെഎസ്ഇബി വൈദ്യുതി കണക്ഷനും നൽകി.
2016-ലാണ് കനാലില്‍ അനധികൃതമായി കെട്ടിടനിര്‍മാണം ആരംഭിക്കുന്നത്. തുടര്‍ന്ന് കല്ലായിപ്പുഴ സംരക്ഷണ സമിതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കോര്പ്പറേഷന് അന്വേഷിച്ച് അനധികൃതമായാണ് നിര്‍മാണം നടത്തുന്നതെന്നുംപൊളിച്ചു നീക്കാന്‍ ആവിശ്യപ്പെട്ടതുമാണ്.
തുടര്‍ന്നും പൊളിച്ചു നീക്കല്‍ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് 2018-ല്‍ കല്ലായിപ്പുഴ സംരക്ഷണ സമിതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ പരാതി നല്‍കുകയും പരാതിയില്‍ കെട്ടിടം അനധികൃതമാണെന്ന് കോർപറേഷന് കോടതിയെ അറിയിച്ചതിനെ തുടർന്ന് കട്ടിടം പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതും കാറ്റിൽ പറത്തിയാണ് രാത്രികാലങ്ങളിൽ കട്ടിട നിർമാണം നടന്നത്. ഇതിനെതിരേ കല്ലായിപ്പുഴ സംരക്ഷണ സമിതി വിവരവകാശം വഴി നടത്തിയ അന്വേഷണത്തില്‍ പൊളിച്ചു നീക്കണമെന്ന ഉത്തരവ് കെട്ടിട ഉടമ പാലിച്ചില്ലെന്നാണ് കോര്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വിശദീകരിക്കുന്നത്.
കക്ഷി നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ ഡിപ്പാര്‍ട്ട്മെന്റ് ആയി പൊളിച്ചു നീക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, കെഎസ്ഇബി അധികൃതരുടെ അഭിപ്രായം അറിയുന്നതിനു കത്ത് നല്‍കിയതായും വിവരാവകാശരേഖയില്‍ മറുപടിയിൽ പറയുന്നു.
എന്നാൽ നിർമാണ അനുമതിയില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടം പൊളിച്ചു നീക്കാത്തതിന് പിന്നില്‍ കോർപറേഷന് ഉദ്യോഗസ്ഥരുടെ ഒത്തു കളിയാണെന്ന് കല്ലായിപ്പുഴ സംരക്ഷണ സമിതി ആരോപിക്കുന്നു. അതേസമയം കോടതിയിൽ കേസ് നടക്കുന്നതിനാലും സ്റ്റേ ഓർഡർ നിലനിൽക്കുന്നതിനാലും കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയില്ലെന്നാണ് കോർപറേഷൻ വാദം. ലൈസൻസ് ഇല്ലാത്തതിനാൽ ആരോഗ്യ വിഭാഗത്തിന് പരാതി അയച്ചിട്ടുണ്ടെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.