കക്കയം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം: പുനർനിർമാണത്തിന് അനുമതി
1247007
Thursday, December 8, 2022 11:56 PM IST
കൂരാച്ചുണ്ട്: കെഎസ്ഇബിയുടെ അധീനതയിലുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പുനർനിർമാണം നടത്താൻ കെഎസ്ഇബിയുടെ അനുമതി. കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നതുൾപ്പെടെയുള്ള കെഎസ്ഇബിയുടെ 48.25 സെന്റ് ഭൂമി സർക്കാർ നിശ്ചയിക്കുന്ന മാർക്കറ്റ് വില ഈടാക്കിക്കൊണ്ട് ആരോഗ്യ വകുപ്പിന് കൈമാറുന്നതിനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നു.
എന്നാൽ റവന്യൂ, പിഡബ്ല്യൂഡി വകുപ്പുകൾ മുഖാന്തിരം സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മാർക്കറ്റ് വില നിശ്ചയിക്കുന്ന നടപടികൾ പൂർത്തിയാകാതെ വന്ന അവസരത്തിൽ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ ഫണ്ട് ഉപയോഗ പ്പെടുത്തിക്കൊണ്ട് സമയബന്ധിതമായി നടത്താൻ കഴിയാതെ വന്നു. തുടർന്ന് കെ.എം. സച്ചിൻ ദേവ് എംഎൽഎ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുതിയതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പെർമിസിവ് സാങ്ഷൻ നൽകാൻ കെഎസ്ഇബി ഉത്തരവായിട്ടുണ്ടെന്ന് കെ.എം. സച്ചിൻ ദേവ് എംഎൽഎ അറിയിച്ചു.