കോർപറേഷന് ഉപരോധിച്ച് സംയുക്തസമര സമിതി
1245258
Saturday, December 3, 2022 12:43 AM IST
കോഴിക്കോട്: എസ്ടിപി പ്ലാന്റ് നിര്‍മാണത്തില്‍ നിന്നും പിന്മാറാത്ത കോർപറേഷന് താക്കീതായി സംയുക്ത സമരസമിതിയുടെ കോർപറേഷന് ഉപരോധ സമരം. വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തും മുമ്പേ സമരസമിതി പ്രവര്‍ത്തകര്‍ കവാടങ്ങള്‍ വളഞ്ഞ് ഉപരോധസമരം ആരംഭിച്ചിരുന്നു.
കോർപറേഷന് ഓഫീസിന്റെ പ്രധാന പ്രവേശന കവാടം ഉള്‍പ്പെടെ മൂന്ന് കവാടങ്ങളും സ്ത്രീകളുള്‍പ്പെടെയുള്ള നൂറ് കണക്കിന് പ്രതിഷേധക്കാര്‍ വളഞ്ഞ് ഉപരോധിക്കുകയായിരുന്നു.പള്ളിക്കണ്ടി ഭാഗത്ത് നിന്നുള്ളവര്‍ ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആവിക്കല്‍ തോട് ഭാഗത്ത് നിന്നുള്ളവര്‍ ഓപ്പണ്‍ സ്റ്റേജ് പരിസരത്ത് നിന്നും പ്രകടനമായി കോർപറേഷന് ഓഫീസിന് മുന്നിലേക്ക് പ്രവേശിക്കുകയായിരുന്നു.പ്രകടനമെത്തിയപ്പോള്‍ പൊലീസുമായി നേരിയ സംഘര്‍ഷമുണ്ടായെങ്കിലും നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ചു.തുടര്‍ന്ന് എം.കെ. രാഘവന് എം.പി. ഉപരോധം ഉദ്ഘാടനം ചെയ്തു.
പദ്ധതിക്ക് ജനങ്ങള്‍ എതിരല്ലെന്നും എന്നാല്‍ കല്ലായി പുഴ നികത്തിയും ജനവാസ മേഖല ഇല്ലാതാക്കിയും പദ്ധതി നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് എം. പി പറഞ്ഞു.വികസന പദ്ധതി നടപ്പാക്കേണ്ടത് ജനങ്ങളെ അടിച്ചമര്‍ത്തിയല്ല.പൊലീസിനെ ഉപയോഗിച്ച് ഭീകരത സൃഷ്ടിച്ചും സ്ത്രീകളെയുള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടും സമരം ദിനംതോറും ശക്തിയാര്‍ജിക്കുകയാണെന്ന് അധികാരികള്‍ തിരിച്ചറിയണം.സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് അധികാരികള്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും എം.പി മുന്നറിയിപ്പ് നല്കി.
പള്ളിക്കണ്ടി, അഴീക്കല്‍ റോഡില്‍ കല്ലായി പുഴ നികത്തിയും ആവിക്കല്‍ തോടില്‍ ജനവാസ മേഖലയിലും ശുചിമുറി മാലിന്യ പ്ലാന്റ് അനുവദിക്കുകയില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. ജനകീയ പ്രതിരോധ സമിതി ചെയര്മാന് ഫൈസല്‍ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.റസാഖ്, എന്‍എസ് യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്. കോർപറേഷന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, വിവിധ സംഘടനാ നേതാക്കളായ സി. മരക്കാരുട്ടി (കെഎന്‍എം) ഷാജി പണിക്കര്‍ (ശിവസേന) പി.ടി.അഹമ്മദ്, (എസ്ടിപിഐ , എം.എ. ഖയ്യും, ( വെല്‍ഫെയര്‍ പാര്‍ട്ടി ) ടി.ടി.ഇസ്മായില്‍ (കെ റെയില്‍ സമരസമിതി )മുഹമ്മത് ജഹീര്‍ (ആം. അദ്മി പാര്‍ട്ടി) പി.ടി. മമ്മത് കോയ (മത്സ്യ തൊഴിലാളി യൂണിയന് ) കെ.പി. പ്രകാശന് (ആര്‍എംപിഐ) അഹമ്മദ് പുന്നക്കല്‍, കെ.മൊയ്തീന് കോയ ,വി. റാസിക്, എസ്.വി. അര് ഷുല് അഹമ്മത്, എ. സഫറി, ടി.ദാവൂദ്, ബ്രസീലിയ ശംസുദ്ധീന്‍ എം.പി. സിദിഖ്, എന്നിവര്‍ പ്രസംഗിച്ചു. ആവിക്കല്‍ തോട് സമരസമിതി കണ്‍വീനര്‍ ഇര്ഫാന് ഹബീബ് സ്വാഗതവും, കോഡിനേറ്റര്‍ എം.പി.സക്കീര്‍ ഹുസൈന് നന്ദിയും പറഞ്ഞു.ഒ.മമ്മുദു, എന്‍.വി. അബ്ദുറഹിമാന് , എം..പി. ഷര്‍ഷാദ്, ഇ.പി. ജാഫര്‍, പി.എം. ഇഖ്ബാല്‍ , ഇ.പി. അശറഫ്, ലബീബ്, സക്കരിയ്യ പള്ളിക്കണ്ടി, ഹസീബ് , റഹ് നീഷ് എന്‍.വി. എന്‍.വി. സജല്‍ എന്നിവര്‍ നേതൃത്വം നല്കി.