കൂരാച്ചുണ്ടിൽ തെരുവ് കച്ചവടം നിരോധിക്കണമെന്ന്
1245253
Saturday, December 3, 2022 12:43 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിൽ കൂരാച്ചുണ്ട് ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നും മറ്റുമായി നടത്തുന്ന തെരുവ് കച്ചവടം നിരോധിക്കണമെന്ന് കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യോഗം ആവശ്യപ്പെട്ടു.
തെരുവ് കച്ചവടക്കാർ ദിവസേന വർധിച്ചു വരികയാണ്. പഞ്ചായത്ത് ലൈസൻസ്, ജിഎസ്ടി, ഭക്ഷ്യ ലൈസൻസ് തുടങ്ങി നിരവധിയായ ഫീസുകൾ അടച്ചുകൊണ്ട് കച്ചവടം നടത്തിവരുന്ന ചെറുകിട വ്യാപാരികൾ പട്ടിണിയുടെ പിടിയിലാണുള്ളത്. തെരുവുകച്ചവടം നിരോധിച്ചതായി പഞ്ചായത്ത് ഭരണ സമിതി രണ്ടു വർഷങ്ങൾക്ക് മുൻപ് തീരുമാനമെടുത്തിരുന്ന ഉത്തരവ് നിലവിലുണ്ട്.
തീരുമാനം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് അധികാരികളും പോലീസും ഇടപെടണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളിലേക്ക് മർച്ചന്റ് അസോസിയേഷൻ കൂരാച്ചുണ്ട് യൂത്ത് വിംഗ് കമ്മിറ്റി നേതൃത്വം വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.