മാഗ്കോം നാളെ കേരള ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
1243524
Sunday, November 27, 2022 3:37 AM IST
കോഴിക്കോട്: ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു)യുടെ അക്കാദമിക സഹകരണത്തോടുകൂടി നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്കോം) ഉദ്ഘാടനം നാളെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിർവഹിക്കും.
എന്‍ഐടി കാലിക്കട്ട് ഡയറക്ടര്‍ പ്രഫ. ഡോ. പ്രസാദ് കൃഷ്ണ, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, പ്രജ്ഞാപ്രവാഹ് നാഷണല്‍ കോ-ഓഡിനേറ്റര്‍ ജെ. നന്ദകുമാര്‍, മാതൃഭൂമി ടിവി പ്രോഗ്രാം വിഭാഗം മുന്‍ മേധാവി എം.പി. സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. പിജി ഡിപ്ലോമ ഇന്‍ ജേർണലിസം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഡിയോ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫോട്ടോഗ്രഫി എന്നീ കോഴ്സുകളാണ് മാഗ്കോമില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുക. സ്റ്റുഡിയോകള്‍, കംപ്യൂട്ടര്‍ ലാബുകള്‍, ലൈബ്രറി തുടങ്ങി നൂതന സൗകര്യങ്ങളോടുകൂടിയായിരിക്കും മാഗ്കോമിന്റെ പ്രവർത്തനം.
അക്കാദമിക രംഗത്തെയും മാധ്യമ രംഗത്തെയും പ്രഗത്ഭരാണു ക്ലാസുകള്‍ നയിക്കുകയെന്ന് മാഗ്കോം ഡയറക്ടര്‍ വ്യക്തമാക്കി. ജെഎന്‍യു-മാഗ്കോം അക്കാദമിക സഹകരണം വഴി ജെഎന്‍യു കോഴ്സുകളും കേരളത്തില്‍ പഠിക്കാന്‍ അവസരമൊരുങ്ങും.