ലാംഗ്വേജ് ലാബ് പദ്ധതി ഉദ്ഘാടനം ചെയ്തു
1243523
Sunday, November 27, 2022 3:37 AM IST
തിരുവമ്പാടി: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ സർവീസ് പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതി ആരംഭിച്ചു. സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് ലാംഗ്വേജ് ലാബ് പദ്ധതിക്കും സ്കൂളിൽ തുടക്കം കുറിച്ചു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൂതനമായ പരിശീലന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുവരികയാണ് ലാംഗ്വേജ് ലാബ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
ലാംഗ്വേജ് ലാബിന്റെയും സിവിൽ സർവീസ് അക്കാദമിയുടെയും ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ നിർവഹിച്ചു. പദ്ധതിയുടെ സ്വിച്ച് ഓൺ കർമം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ നിർവഹിച്ചു. ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേ കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രജിത രമേശ്, ഷീജ, അക്കാദമി ചെയർമാൻ തോമസ് ജോൺ, സിബി തോമസ്, സി.എച്ച്. മൈമൂന, ഇ.ജെ. തങ്കച്ചൻ, ജെയിംസ് ജോഷി, സിമി ഗർവാസിസ്, ജോണി കുര്യൻ, മേരി ഷൈല, ഷാമിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.