വിളംബര റാലിയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതി
1225360
Wednesday, September 28, 2022 12:00 AM IST
കുറ്റ്യാടി: സിഐടിയു ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിളംബര ജാഥയിൽ കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതി. കാർ ഡ്രൈവർ അഭിൻ ദേവി (24)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകുന്നേരം കടേക്ക ചാലിൽ നിന്നും ആരംഭിച്ച് കുറ്റ്യാടിയിലേക്ക് പുറപെട്ട ബൈക്ക് റാലി പുതിയ ബസ് സ്റ്റാന്റിനു മുന്നിലെത്തിയപ്പോഴാണ് നാദാപുരം ഭാഗത്ത് നിന്നു കാറുമായി വന്ന ഇയാൾ ബൈക്ക് റാലിയിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചതായി പരാതിയുള്ളത്.
കാറിലുണ്ടായിരുന്ന വളർത്തു നായ മുള്ളൻകുന്നിലെ അജിത്ത് ലാൽ (28), കടേക്ക ചാലിലെ സുനിൽ കുമാർ (45), കള്ളാട് സ്വദേശി ബിനോയി (36) എന്നിവരെ കടിച്ചതിനെ തുടർന്ന് കുറ്റ്യാടി താലൂക്ക് ഗവ: ആശുപതിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് സംഭവസ്ഥലത്ത് ഉന്തും തള്ളുമുണ്ടാവുകയും കുറ്റ്യാടി സിഐ ഇ.കെ ഷിജുവിന്റെയും, എസ്ഐ ഷമീറിന്റെയും സിപിഎം നേതാക്കളായ എം.കെ.ശശി, എ.എം.റഷീദ്, സി.എൻ.ബാലകൃഷ്ണൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന് ശാന്തമാക്കുകയായിരുന്നു.