എഡിജിപിയുടെ മാഫിയാ ബന്ധം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന്
1454637
Friday, September 20, 2024 4:50 AM IST
മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരേ ഉയർന്ന അധോലോക, മാഫിയാ ബന്ധത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് എൻ. കെ.പ്രേമചന്ദ്രൻ എംപി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും മാഫിയകൾക്കുമിടയിലെ പാലമാണോ എഡിജിപിയെന്നാണ് സംശയം. വിജിലൻസ് അന്വേഷണം പോലും നടത്താത്തത് മാഫിയകളും മുഖ്യമന്ത്രിയും തമ്മിലെ ബന്ധം വ്യക്തമാക്കുന്നതാണ്. പോലീസിലെ ഉന്നതർക്കെതിരേ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസിയും പി. വി. അൻവർ എംഎൽഎയ്ക്കെതിരേ എഡിജിപി ഉയർത്തിയ തീവ്രവാദ ബന്ധം എൻഐഎയും അന്വേഷിക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബന്ധം മൂലം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കില്ല. പുറത്തുവന്നതിനേക്കാൾ വലിയ അധോലോക വിവരങ്ങൾ കൈവശമുള്ളതിനാൽ പി.വി. അൻവറിനെതിരേ ചെറുവിരൽ അനക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ല.
ഫോൺ ചോർത്തുകയെന്ന ഗുരുതര കുറ്റം ചെയ്തിട്ടും അൻവറിനെതിരേ നടപടിയില്ല. ആരോപണം ഉന്നയിച്ചവരേയും ആരോപിതരേയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എഡിജിപിയുടെ ആർഎസ്എസ് ബന്ധത്തിൽ അന്വേഷണം വേണമെന്ന സി.പിഐയുടെ ആവശ്യം മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തിട്ടില്ല.
അവഹേളിക്കപ്പെട്ടിട്ടും സിപിഎമ്മിന് വിധേയപ്പെട്ടാണ് സിപിഐ മുന്നോട്ടുപോകുന്നതെന്നും എൻ. കെ. പ്രേമചന്ദ്രൻ പറഞ്ഞു.