മെമുവിനെത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസി
1590526
Wednesday, September 10, 2025 5:58 AM IST
നിലന്പൂർ: എറണാകുളം-നിലന്പൂർ മെമുവിന് രാത്രിയെത്തുന്ന യാത്രക്കാർക്ക് സഹായകരമായി പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. രാത്രി 10.05ന് നിലന്പൂരിലെത്തുന്ന മെമു യാത്രക്കാർക്കായി 10.15ന് പുറപ്പെടുന്ന തരത്തിലാണ് ബസ് സർവീസ്. ചുങ്കത്തറ, എടക്കര വഴിക്കടവ് വഴി മരുതയിലേക്കാണ് സർവീസ്. രാവിലെ 5.30ന് മരുതയിൽ നിന്ന് നിലന്പൂർ, അരീക്കോട്, എളമരം, മെഡിക്കൽ കോളജ് വഴി കോഴിക്കോട്ടേക്ക് സർവീസ് നടത്തും. തിരികെ മഞ്ചേരി വഴി വഴിക്കടവിലേക്ക്.
പുതിയ ബസ് സർവീസ് നിലന്പൂർ റെയിൽവേ സ്റ്റേഷൻ പരിസത്ത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. കൗണ്‍സിലർ വി.എ. കരീം, കെഎസ്ആർടിസി ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ സി.വി. റിനിൽരാജ് എന്നിവർ പ്രസംഗിച്ചു.
ട്രെയിൻ യാത്രക്കാർക്ക് സഹായകരമായി രാത്രി 8.55ന് നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചുങ്കത്തറ, എടക്കര, മൂത്തേടം വഴി പാലാങ്കരയിലേക്ക് കഴിഞ്ഞ ദിവസം പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഒരാഴ്ചക്കിടെ രണ്ട് കെഎസ്ആർടിസി ബസ് സർവീസുകളാണ് നിലന്പൂരിന് ലഭിച്ചത്.