കുഴികൾ അടച്ചില്ല; അങ്ങാടിപ്പുറത്ത് ഗതാഗത തടസം രൂക്ഷം
1590527
Wednesday, September 10, 2025 5:58 AM IST
അങ്ങാടിപ്പുറം: കാലാവസ്ഥ അനുകൂലമായിട്ടും അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ കുഴികൾ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുവാനുള്ള നടപടികളായില്ല. മഴ മാറിയാൽ ദേശീയപാതയിലെ അങ്ങാടിപ്പുറം മുതൽ ജൂബിലി റോഡ് ജംഗ്ഷൻ വരെയുള്ള വലിയ കുഴികൾ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നു. കുഴികൾ കാരണം അങ്ങാടിപ്പുറത്ത് സദാസമയവും ഗതാഗത കുരുക്ക് രൂക്ഷമാവുകയാണ്.
ഇതുമൂലം യാത്രക്കാർ നന്നേ ബുദ്ധിമുട്ടുന്നു. കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരടക്കം പ്രത്യേകിച്ച് സ്ത്രീകൾ നിത്യവും അപകടങ്ങളിൽപ്പെടുകയാണ്. ഇതിനിടെ ഗതാഗതം നിയന്ത്രിക്കുന്ന പെരിന്തൽമണ്ണ ട്രാഫിക് പോലീസുകാർ ഒട്ടേറെ തവണ കുഴികൾ മണ്ണിട്ട് അടച്ചിരുന്നു.
സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ദേശീയപാത ഉപരോധം വരെ നടത്തിയിരുന്നു.
മഴ മാറിയാൽ ഉടൻ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് അധികാരികളുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരങ്ങൾ പലതും മാറ്റിവച്ചത്. കാലാവസ്ഥ പ്രതികൂലമാകുന്നതിന് മുന്പ് കുഴികൾ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.