ആശുപത്രിയിൽ എക്സ്റേ ഫിലിമില്ലാത്തത് പ്രതിഷേധത്തിനിടയാക്കി
1590828
Thursday, September 11, 2025 7:46 AM IST
വണ്ടൂർ: വണ്ടൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പരിക്കേറ്റ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സ്-റേ എടുക്കാൻ ഫിലിമില്ല.
ഇതേത്തുടർന്ന് ആശുപത്രിയിൽ പ്രതിഷേധം നടത്തി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ. യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ്് വി.എസ്. സുജിത്തിനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്.
കൈയ്ക്ക് പരിക്കേറ്റ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ എം. സഫ് വാനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഫിലിം ഇല്ലാത്തതിനാൽ എക്സ് റേ എടുക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചത്. തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, സി.പി. സിറാജ്, റഹീം മൂർക്കൻ, ഷിഹാബ് മുക്കണ്ണൻ, ഇ.കെ. അഫ് ലഹ്, വിജേഷ് നെച്ചിക്കോടൻ തുടങ്ങിയവരാണ് സഫ് വാനോടൊപ്പം താലൂക്ക് ആശുപത്രിയിൽ എത്തിയത്. വിതരണത്തിൽ വന്ന കാലതാമസമാണ് ഫിലിം തീരാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.