പ്രതിഭാ വളവിൽ അപകടങ്ങൾ തുടർക്കഥ
1590531
Wednesday, September 10, 2025 5:58 AM IST
കരുവാരകുണ്ട്: അപകടങ്ങൾ തുടർക്കഥയായ പുന്നക്കാട് പ്രതിഭാ വളവിൽ പൊതുമരാമത്ത് വിഭാഗം സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് പ്രതിഭാ ഗ്രന്ഥശാലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നിലന്പൂർ-പെരിന്പിലാവ് സംസ്ഥാന പാതയിൽ തിരക്കേറിയ ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയിൽ ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്.
അപകടത്തിൽപ്പെടുന്നവരിൽ പലർക്കും ഗുരുതര പരിക്കുകളും ഏൽക്കാറുണ്ട്. മഴക്കാലത്ത് റോഡും കുഴികളും തിരിച്ചറിയാത്ത വിധം വെള്ളക്കെട്ടും രൂപപ്പെടും. ഇവിടെ സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്നത് കാരണം കുഴികൾ നികത്തണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഗ്രന്ഥശാല കമ്മിറ്റി ആവശ്യപ്പെട്ടു.
അപകട വളവിന് സമീപമുള്ള വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ ഇടിച്ചു കയറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രിസമയങ്ങളിലാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. അപകടം ഒഴിവാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രന്ഥശാലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ടി.പി. മണി അധ്യക്ഷത വഹിച്ചു. റഷീദ് ചോലശേരി, കെ. റഹിയാൻബി, നൗഷാദ് പുഞ്ച, റിയാസ് കുന്നത്ത്, ഡോ. നിർമ്മല ജോണ്, കെ. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.