എൻട്രൻസ് പരീക്ഷയിൽ വീട്ടിലിരുന്ന് പഠിച്ച ഹന്നയ്ക്ക് മികച്ച വിജയം: വീട്ടിലെത്തി അഭിനന്ദിച്ച് എംഎൽഎ
1424966
Sunday, May 26, 2024 4:37 AM IST
വണ്ടൂർ: വീട്ടിലിരുന്ന് പഠിച്ച് ജെഇഇ ബി ആർക്ക് എൻട്രൻസ് പരീക്ഷയിൽ 99.31 % മാർക്ക് നേടിയ വണ്ടൂർ സ്വദേശിനി ഹന്ന പാർവീണിനെ വീട്ടിലെത്തി അഭിനന്ദിച്ച് എ.പി. അനിൽകുമാർ എംഎൽഎ. ചുമട്ടു തൊഴിലാളിയായ പാറപ്പുറവൻ സുധീർ ബാബുവിന്റെയും സർഫുന്നീസയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് ഹന്ന പാർവീൺ.
ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സ് പഠിക്കാൻ എൻഐടി കോളജിൽ അഡ്മിഷൻ നേടാനുള്ള എൻട്രൻസ് എക്സാം എഴുതുന്നതിനുള്ള ട്യൂഷൻ ഫീസും താമസവും അടക്കം ഒന്നര ലക്ഷത്തോളം ചെലവ് വരുമെന്ന് അറിഞ്ഞതോടെ ചുമട്ടുതൊഴിലാളിയായ പിതാവിനെ ബുദ്ധിമുട്ടിക്കാതെ ഹന്ന ഒറ്റയ്ക്ക് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഓൺലൈനിൽ നിന്ന് ഇതിനുള്ള 1500 രൂപയുടെ പുസ്തകം വാങ്ങി. കൂടെ യൂട്യൂബും ഗൂഗിളും നോക്കിയുള്ള പഠനവും. രണ്ട് സെക്ഷനായിട്ടാണ് പരീക്ഷ. അതേ സമയം ആദ്യ സെക്ഷനിൽ തന്നെ മികച്ച വിജയം നേടാൻ ഹന്നയ്ക്കായി.
ഹന്നയുടെ വിജയമറിഞ്ഞതോടെയാണ് എ.പി. അനിൽകുമാർ എംഎൽഎ ഹന്നയുടെ വണ്ടൂരിലുള്ള വീട്ടിലെത്തി അഭിനന്ദിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി, കെ.ടി. മുനീർ , വാർഡ് പ്രസിഡന്റ് പി.സുരേഷ് ബാബു, വി.പി. സഫീർ, മുക്കണ്ണൻ ഷിഹാബ് എന്നിവരും അനിൽകുമാറിനോടൊപ്പമുണ്ടായിരുന്നു.