അബ്ദുള്‍ റഹീമിന്റെ മോചനത്തിന് പണം സ്വരൂപിക്കാന്‍ വേറിട്ട പ്രവര്‍ത്തനവുമായി നിലമ്പൂര്‍ സ്വദേശികള്‍
1415961
Friday, April 12, 2024 5:11 AM IST
നിലമ്പൂര്‍: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ വേറിട്ട പ്രവര്‍ത്തനവുമായി രംഗത്തെത്തി നിലമ്പൂര്‍ സ്വദേശികള്‍. പണം കണ്ടെത്തുന്നതിനായി പെരുന്നാള്‍ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ നിലമ്പൂര്‍ വടപുറം പാലത്തിന് സമീപം നിലമ്പൂരിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയ കലാകാരന്മാര് ഗാനങ്ങള്‍ അവതരിപ്പിച്ചു.
അതോടൊപ്പം സി.എന്‍.ജി. റോഡില്‍ ഇരുവശങ്ങളിലും ബക്കറ്റ് കളക്ഷന്‍ നടത്തി. രാത്രി 10 മണിയോടെയാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതിലൂടെ 1,37,506 രൂപ ലഭിച്ചു. തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി വ്യാഴാഴ്ച ഉച്ചയോടെ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നിര്‍മിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി നേതൃത്വം നല്കിയവര് പറഞ്ഞു.
മ്യൂസിക് മന്ത്ര ബാന്റ് നേതൃത്വം നല്കുന്ന ഹസീബ് നിലമ്പൂരിന്റെ ആശയമായിരുന്ന ഈ പ്രവര്‍ത്തനത്തിന് അന്‍വര്‍ സാദത്ത് കല്ലിങ്ങല്‍, ബാബു ആലുങ്ങല്‍ തുടങ്ങിയവര്‍ പിന്തുണ നല്‍കിയതോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കലാകാരന്മാരായ സഹീല്‍ നിലമ്പൂര്‍, ഇര്‍ഷാദ് മുടിക്കോട്, ഉമര്‍ ബിന്‍ഷാദ്, ഷാഫി മങ്കട, ഷഫീഖ് മങ്കട, സുര മലാല തുടങ്ങി നിരവധി പേര് ഗാനങ്ങള്‍ ആലപിച്ചു.