"പ്രത്യാശയുടെ നടത്തം' സംഘടിപ്പിച്ചു
1601315
Monday, October 20, 2025 7:01 AM IST
തിരുവനന്തപുരം: ലോക സ്തനാർബുദ ബോധവത്ക്കരണ ദിനത്തോടനുബന്ധിച്ച് ആശ്രയ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ "പ്രത്യാശയുടെ നടത്തം' സംഘടിപ്പിച്ചു. എഐജി മെറിൻ ജോസഫ് "പ്രത്യാശയുടെ നടത്തം' ഫ്ലാഗ് ഓഫ് ചെയ്തു. ആർസിസി സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. പോൾ അഗസ്റ്റിൻ ബോധവത്ക്കരണ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആർസിസി മുൻ അഡീഷണൽ ഡയറക്ടർ ഡോ. കുസുമകുമാരി, കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സ്നേഹിത ഡയറക്ടറുമായ ഡോ. റെജി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആശ്രയയുടെ സ്ഥാപക പ്രസിഡന്റ് ശാന്ത ജോസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പൊതുജനങ്ങളും സന്നദ്ധപ്രവർത്തകരും ആശ്രയയുടെ സർവൈവർ സപ്പോർട്ട് ഗ്രൂപ്പിലെ അംഗങ്ങളും സജീവമായി പങ്കെടുത്തു.