അരുവിക്കരയിൽ കാട്ടുപന്നിശല്യം രൂക്ഷം
1508903
Tuesday, January 28, 2025 6:19 AM IST
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കളത്തറ, കാളിയാമൂഴി, മൈലംമൂട്, ഗോതമ്പി, തീരംറോഡ്, വട്ടക്കുളം, ഇരുമ്പ, നാണുമല, മരുതംകോട്, കുമ്മി, പാങ്ങ, തെക്കണം, പുതിയാമഠം എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്.
സ്ഥിരമായി കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികൾ മരച്ചീനി, വാഴ, ചേന, ചേമ്പ്, ചീര തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇതുകാരണം കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കർഷകർ. വായ്പയെടുത്തും കടംവാങ്ങിയുമൊക്കെയാണ് കർഷകർ കൃഷി ചെയ്യുന്നത്.
കാർഷികവിളകൾ പന്നികൾ നശിപ്പിക്കുന്നതു കാരണം യഥാസമയം വായ്പാ തുകകൾ അടയ്ക്കാനാകാതെ വിഷമിക്കുകയാണ് പ്രദേശത്തെ കർഷകർ. പ്രദേശവാസികൾക്ക് നേരെ പന്നികളുടെ ആക്രമണവും പതിവായതായും പരാതി ഉയരുന്നു. ഇരുചക്ര വാഹനയാത്രക്കാർക്കും കാട്ടുപന്നികൾ ഭീഷണിയായിട്ടുണ്ട്.
അരുവിക്കരയിലെ റിസർവോയറുകൾക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ പന്നികളുടെ ഇഷ്ടതാവളമായി മാറിയിട്ടുണ്ട്. റിസർവോയറുകൾക്ക് സമീപം താമസിക്കുന്നവർ ഭീതിയിലാണെന്ന് നാട്ടുകാർ പറയുന്നു. കാട്ട് പന്നികളെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .