അനധികൃത മത്സ്യബന്ധനം: തമിഴ്നാടിന്റെ ബോട്ട് പിടിയിൽ
1508909
Tuesday, January 28, 2025 6:19 AM IST
വിഴിഞ്ഞം: ദൂരപരിധി ലംഘിച്ച് അനധികൃതമായി മീൻ പിടിത്തം നടത്തിയ തമിഴ്നാട് ബോ ട്ട് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.
കരയിലേക്ക് വരാൻ കൂട്ടാക്കാത്ത ബോട്ടുകാർ അധികൃതരെ മണിക്കൂറുകളോളം വെള്ളം കുടിപ്പിച്ചു. ഒടുവിൽ നിയമ ലംഘകരെ മെരുക്കാൻ അധികൃതർ തീരദേശ പോലീസിന്റെയും തീര സംരക്ഷണ സേനയുടെയും സഹായംതേടി. ഇന്നലെ വൈകുന്നേരംഅഞ്ചോടെ പിടികൂടിയ ബോട്ടിനെ വിഴിഞ്ഞം തുറമുഖത്തടുപ്പിക്കാൻ രാത്രി ഒന്പതരവരെ വേണ്ടിവന്നു.
വിഴിഞ്ഞത്തു നിന്നും മറൈൻ ആംബുലൻസിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷ്, മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ വി. എൽ. വിനിൽ, ലൈഫ് ഗാർഡുമാരായ ബനാൻഷ്യസ്, നസ്രത്ത് എന്നിവർ നടത്തിയ പട്രോളിംഗിനിടയിലാണ് ദൂരപരിധി ലഘിച്ചു മത്സ്യബന്ധനം നടത്തിയ തമിഴ്നാട് മുട്ടം സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള "ആരോഗ്യ അന്നൈ' എന്ന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്ത ബോട്ട് തീരത്തേക്ക് അടുപ്പിക്കാൻ വിസമ്മത്തിച്ചതിനെത്തുടർന്ന് മണിക്കൂറുകളോളം സമയം പട്രോളിംഗ് സംഘങ്ങൾ കടലിൽ തന്നെ കിടക്കേണ്ടിവന്നു.
വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെയും വിഴിഞ്ഞം കോസ്റ്റ് ഗാർഡിന്റെയും സഹായം തേടുകയും അവർ എത്തുന്നതിനിടയിൽ പന്തികേട് തോന്നിയ ബോട്ടുകാർ അധികൃതരുടെ നിർദേശം അനുസരിക്കുകയായിരുന്നു. മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ, ചീഫ് എൻജിനീയർ അരവിന്ദൻ, ക്രൂ അംഗങ്ങളായ അഭിമന്യൂ, അജിൽ, നേഴ്സ് കുബർട്ടിൻ ലോപ്പസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.