മൈലാടിക്കടവ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മരണത്തില്‍ ഞെട്ടി നാട്ടുകാര്‍
1508905
Tuesday, January 28, 2025 6:19 AM IST
മെഡിക്കല്‍കോളജ്: തമ്പാനൂര്‍ സ്റ്റേഷന് പരിധിയില്‍ വലിയശാല മൈലാടിക്കടവ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ പകച്ച് നാട്ടുകാര്‍.
കരമന തളിയല്‍ സ്വദേശി ബ്രിജു (45) വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ട്രാക്കില്‍ കണ്ടെത്തിയത്. കുറച്ചുനാള്‍ ഗള്‍ഫിലായിരുന്ന ബ്രിജു സ്വകാര്യബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ഞായറാഴ്ച രാത്രി 11 ന് ശേഷം വലിയശാലയില്‍ വീടുകള്‍ തിങ്ങിനിറഞ്ഞ ഭാഗത്ത് തന്റെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷമാണ് ബ്രിജു റെയില്‍വേ ട്രാക്കില്‍ കയറിക്കിടന്നത്. ദുരൂഹസാഹചര്യത്തില്‍ ഒരു സ്കൂട്ടര്‍ ഇരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നതാണ്. സാധാരണയായി പ്രദേശത്ത് ആരും വാഹനം രാത്രി 10നു ശേഷം പാര്‍ക്ക് ചെയ്യാറില്ലെന്ന് നാട്ടുകാർ പറയുന്നു.
വാഹനം പരിശോധിച്ചുവെങ്കിലും ഉടമയെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, രാവിലെയും സ്കൂട്ടര്‍ ഇവിടെത്തന്നെ ഇരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. പരിശോധനയിൽ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷണ്ടിംഗ് ട്രെയിനാണ് യുവാവിനെ ഇടിച്ചിട്ടതെന്ന് തമ്പാനൂര്‍ പോലീസ് അറിയിച്ചു. മരണത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഉച്ചതിരിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.