കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
1466650
Tuesday, November 5, 2024 2:31 AM IST
നെയ്യാറ്റിന്‍കര: കനത്ത മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ വെള്ളം കയറി. അണുനശീകരണത്തിനു ശേഷമുള്ള പരിശോധനഫലത്തിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ തീയതികള്‍ നിശ്ചയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെ പെയ്ത മഴയെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിലേയ്ക്ക് പുറത്തുനിന്നും മലിനജലം ഒഴുകിയെത്തിയത്. തിയറ്ററിനു സമീപത്തു രോഗികള്‍ക്ക് ഇരിക്കാനുള്ള മുറിയുടെ മേല്‍ക്കൂര നിര്‍മാണം നടക്കുകയാണ്. അവിടെയുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് ഇതോടനുബന്ധിച്ച് ഇളക്കിമാറ്റുകയുണ്ടായി.
നിലത്തുനിന്നു പോസ്റ്റ് ഇളക്കിയപ്പോള്‍ അവിടുത്തെ സ്ലാബിനടിയിലെ കല്ലും കട്ടകളുമൊക്കെ പൊട്ടി. സ്ലാബിനടിയിലായതിനാല് അതാരും ശ്രദ്ധിച്ചില്ല. ശക്തമായ മഴ പെയ്തപ്പോള്‍ ഓടയിലെ വെള്ളം നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകി.
മഴവെള്ളവും ഓടയിലെ വെള്ളവും കലര്‍ന്നു നേരെ ഒഴുകിയെത്തിയതു ഓപ്പറേഷന് തിയറ്ററിനുള്ളിലേയ്ക്കായിരുന്നു. മലിനജലം കയറിയതിനാല്‍ ഓപ്പറേഷന് തിയറ്റര്‍ തത്കാലം അടച്ചു. തിയറ്ററിലെയും പരിസരത്തെയും വെള്ളം മുഴുവനും നീക്കം ചെയ്തു. പ്രാഥമികമായി അണുബാധ നശീകരണവും നടത്തി. തിയറ്റര്‍ പരിസരമാകെ വെള്ളം പരന്നൊഴുകിയപ്പോള്‍ അവിടെ രോഗികളും കൂട്ടിരിപ്പുകാരുമുണ്ടായിരുന്നു.
ഇന്നലെ രാവിലെ തിയറ്ററില്‍ ശസ്ത്രക്രിയ നടന്നതാണ്. ആ സമയത്താണ് ഈ പ്രശ്നം സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതി മറ്റൊന്നായേനെയെന്നും ആശുപത്രിയിലെ രോഗികള്‍ ചൂണ്ടിക്കാട്ടി. ഓടയിലെ വെള്ളം നിറഞ്ഞാല്നേരെ തിയറ്ററിലേയ്ക്ക് പോകുമെന്നതു സംബന്ധിച്ചു വൈദ്യുത പോസ്റ്റ് ഇളക്കിയ കെഎസ്ഇബി ജീവനക്കാര്‍ക്കും അറിയില്ലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നീട്ടിവച്ചിട്ടുള്ള സംഭവം നേരത്തെയുമുണ്ടായിട്ടുണ്ട്. അന്ന് വൈദ്യുതിയായിരുന്നു വില്ലന്‍. വൈദ്യുതി വിതരണം മുടങ്ങിയതിനാലാണ് ശസ്ത്രക്രിയകള്‍ മാറ്റി വയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുള്ളത്.