ബൈക്കിലെത്തി വയോധികയുടെ മാലപൊട്ടിച്ചതായി പരാതി
1460963
Monday, October 14, 2024 6:03 AM IST
വിഴിഞ്ഞം: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ വയോധികയുടെ മാല പിടിച്ചുപറിച്ചതായി പരാതി. പൂവാർ തിരുപുറം പണ്ടാരവിളവീട്ടിൽ വസന്ത (67) യുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നത്. ഇന്നലെ ഉച്ചക്ക് തിരുപുറം മണ്ണക്കല്ലിന് സമീപമായിരുന്നു സംഭവം.
ഹെൽമറ്റും കറുത്തവസ്ത്രവുമണിഞ്ഞ് ബൈക്കിലെത്തിയ ഒരാൾ വഴി ചോദിച്ച് എത്തിയ ശേഷം ആഭരണം പൊട്ടിച്ച് കടന്നതായി വസന്ത പൂവാർ പോലീസിന് മൊഴിനൽകി. മാലപൊട്ടിക്കുന്നതിനിടെ വസന്തയുടെ കഴുത്തിനും നേരീയ മുറിവേറ്റു. വസന്ത ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാർ ഓടിക്കൂടി. എന്നാൽ ഇതിനിടയിൽ മോഷ്ടാവ് രക്ഷപ്പെട്ടു.
സമീപത്തെ നിരവധി സിസിടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ലെന്നും പൂവാർ പോലീസ് അറിയിച്ചു.