പോലീസ് കോണ്‍സ്റ്റബിൾ ബാരക്കിനുള്ളില്‍ മരിച്ചനിലയില്‍
1592731
Thursday, September 18, 2025 10:27 PM IST
പേരൂര്‍ക്കട: എസ്എപി ക്യാമ്പിലെ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിളിനെ ഓഫീസിലെ ബാരക്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര തേപ്പാറ കരിപ്പാലം അരവിന്ദ് ഭവനില്‍ പരേതനായ അശോകന്-ചന്ദ്രിക ദമ്പതികളുടെ മകന് ആനന്ദ് (24) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30നാണ് സംഭവമെന്നു കരുതുന്നു. പുലര്‍ച്ചെ 5.45നു പരേഡിനായി സഹപ്രവര്‍ത്തകര്‍ ഗ്രൗണ്ടിലേക്ക് പോയിരുന്നു. ആ സമയത്ത് ആനന്ദും സുഹൃത്ത് അക്ഷിദും മാത്രമാണ് ബാരക്കില്‍ ഉണ്ടായിരുന്നത്. സഹപ്രവര്‍ത്തകര്‍ പരേഡിനു ശേഷം ബാരക്കില്‍ തിരിച്ചെത്തിയപ്പോഴാണ് ആനന്ദിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇരുകൈകളിലെയും ഞരമ്പുകള്‍ ബ്ലേഡ്കൊണ്ട് മുറിച്ച് ആനന്ദ് ബാത്ത്റൂമിനുള്ളില് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. അന്ന് ഇദ്ദേഹത്തെ തക്കസമയത്ത് സഹപ്രവര്‍ത്തകര്‍ കണ്ടെത്തി പേരൂര്‍ക്കട ഗവ. ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈമാസത്തിലാണ് ആനന്ദ് റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിക്കുന്നത്.
ഒരുവര്‍ഷത്തെ ട്രെയിനിംഗിനുശേഷം ഇദ്ദേഹത്തിന് സിപിഒയായി നിയമനം ലഭിക്കുമായിരുന്നു. പിതാവ് മരണപ്പെട്ടതിലുള്ള മനോവിഷമവും വീട്ടില്‍ നിന്നു മാറിനില്‍ക്കുന്നതിലുള്ള മാനസികാസ്വാസ്ഥ്യവുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗനമം. അതേസമയം ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയാരോപിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പേരൂര്‍ക്കട പോലീസ് കേസെടുത്തു. അരവിന്ദാണ് ആനന്ദിന്റെ സഹോദരന്.