പൗർണമിക്കാവിൽ അഗ്നിക്കാവടി ഇന്ന്
1460955
Monday, October 14, 2024 5:58 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലാത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ പൗർണമി മഹോത്സവത്തിന്റെ ഭാഗമായി വിജയദശമി ദിനത്തിൽ മലയാളത്തിലെ മഹാരഥൻമാരുടെ കാർമികത്വത്തിൽനിരവധി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, ജില്ലാകളക്ടർ അനു കുമാരി, ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി കമ്മീഷണർ അജിത് മോഹൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. മാധവൻനായർ, ഭാഗവതചൂഡാമണി പള്ളിക്കൽ സുനിൽ തുടങ്ങിയവരാണ് അക്ഷരാരംഭത്തിന് കാർമികത്വം വഹിച്ചത്.
സംഗീത സംവിധായകനായ അനിൽ ഗോപാൽ സംഗീതത്തിന്റേയും സംഗീത ഉപകരണങ്ങളുടേയും വിദ്യാരംഭവും ചെന്നൈ കലാകേന്ദ്രം നിരവധി നൃത്ത വിഭാഗങ്ങളുടെ വിദ്യാരംഭവും കുറിച്ചു. കളരിപ്പയറ്റ് പോലുള്ള ആയോധന കലകളുടേയും ക്യാമറയുടേയും വിദ്യാരംഭവും പൗർണമിക്കാവിൽ നടന്നു.
ഇന്നു പള്ളിക്കൽ സുനിലിന്റെ ദേവീ മാഹാത്മ്യ നവാഹയജ്ഞവും സൗന്ദര്യ ലഹരി പാരായണവും ഉണ്ടായിരിക്കും. വൈകുന്നേരം 4.30 മുതൽ കൈക്കൊട്ടിക്കളിക്കു പുറമെ നൃത്തസംഗീത പരിപാടികളും ഉണ്ടായിരിക്കും.
വൈകുന്നേരം ആറിന് നെല്ലിമൂട് ദേവീ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന കാവടി ഘോഷയാത്ര പൗർണമിക്കാവിലെത്തിച്ചേരും തുടർന്ന് അഗ്നിക്കാവടി അഭിഷേകം, അഗ്നിവിളയാട്ടം, ഇടുമ്പൻ പൂജ തുടങ്ങിയവയും ഉണ്ടായിരിക്കും. ഗുരുസ്വാമി മുരുകൻ കാച്ചാണിയുടെ കാർമികത്വത്തിൽ കാവടി പൂജകൾ നടക്കും. 21 ടൺ പുളിവിറക് കത്തിച്ച കനലിലാണ് അഗ്നിക്കാവടി നടക്കുന്നത്.
ഫോട്ടോ : വെങ്ങാനൂർ പൗർണമിക്കാവ് ബാലാത്രിപുര സുന്ദരിദേവീ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു.