തൊഴിലുറപ്പ് ജോലിക്കിടെ വയോധിക ഷോക്കേറ്റു മരിച്ചു
1460952
Monday, October 14, 2024 5:58 AM IST
അറസ്റ്റിലായ ഫാം ഉടമയെ റിമാൻഡ് ചെയ്തു
കാട്ടാക്കട: ജോലിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ചീനിവിള അഞ്ചറവിള ലക്ഷംവീട്ടിൽ വത്സല (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ടെയാണ് സംഭവം.
ഊരുട്ടമ്പലം വെള്ളൂർക്കോണം സഹകരണ ബാങ്കിനു സമീപത്ത് അംബികാദേവിയുടെ ഉടമസ്ഥയിലുള്ള പുരയിടത്തിൽ മാറനല്ലൂർ കോട്ടമുകൾ സ്വദേശി നടത്തുന്ന കോഴിഫാമിലെ വൈദ്യുതി കണക്ഷനിൽനിന്നാണ് ഇവർക്കു ഷോക്കേറ്റത്.
ഇതിനു സമീപത്തെ പുരയിടത്തിൽ തെങ്ങിൻതൈ നടുന്നതിനായി എത്തിയതാണ് വത്സലയും മറ്റു രണ്ടു തൊഴിലാളികളും. തൈ നടാൻ കുഴി എടുക്കുന്നതിനു മുൻപായി മൺവെട്ടി കൊണ്ടു വെട്ടിയപ്പോൾ കോഴി ഫാമിലെ അഴികളിൽ മൺവെട്ടി കുടുങ്ങിപ്പോഴാണ് ഷോക്കേറ്റത്. ഇഴജന്തുക്കൾ കയറാതെയിരിക്കാൻ കമ്പി വലയ്ക്കുള്ളിൽ വൈദ്യുതി കടത്തി വിടുന്ന പതിവുണ്ടായി രുന്നു.
മുൻപ് പ്രദേശത്ത് തൊഴിലുറപ്പ് പണി നടക്കുന്നതിനു മുന്നേയായി ഈ വൈദ്യുതി ഓഫ് ചെയ്തു നൽകുമായിരുന്നു. എന്നാൽ ഇന്നലെ അവധി ദിവസമായി രുന്നതിനാൽ തൊഴിലുറപ്പു തൊഴിൽ നടത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഫാമുടമയുടെ വാദം. വൈദ്യുതാഘാതമേറ്റയുടൻ ഇവർ മരിച്ചു.
ഷോക്കേറ്റു വീഴുന്നതിനിടയിൽ രക്ഷിക്കാനെത്തിയ മറ്റൊരു തൊ ഴിലാളിയായ സരസ്വതിക്കും ഷോക്കേറ്റിരുന്നു. നാട്ടുകാർ കെഎസ്ഇബി അധികൃതരെ അറിയിച്ചപ്പോഴാണ് വൈദ്യുതി ബന്ധം വിച്ചേദിച്ചത്.
സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. കോഴി ഫാം നടത്തിപ്പുകാരൻ ശംഭു എന്ന അരവിന്ദിനെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ്ചെയ്തു. കമ്പിവേലി കെട്ടി അനധികൃതമായി വൈദ്യുതി കടത്തിവിട്ടതുവഴി ഷേക്കേറ്റു മരണം സംഭവിച്ചിനാണ് ഇയാളെ പ്രതിയാക്കിയിരിക്കുന്നത്.
അപ്പുക്കുട്ടനാണ് വത്സലയുടെ ഭർത്താവ്. ഗീത, ഗിരിജ, സിന്ധു എന്നിവർ മക്കളാണ്. മൃതദേഹ സംസ് കാരം നടത്തി.