തുറമുഖത്തിനായി ഏറ്റെടുത്ത സ്ഥലം കാടുമൂടിയ നിലയിൽ : സാമൂഹ്യവിരുദ്ധരും മാലിന്യ നിക്ഷേപവും നാട്ടുകാർക്ക് തലവേദന
1460795
Saturday, October 12, 2024 6:09 AM IST
വിഴിഞ്ഞം : തുറമുഖത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ പൊതുജനത്തിന് ശല്യമായി തുടരുന്ന കാടുംപടർപ്പും വെട്ടിവൃത്തിയാക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ. നിരവധി തവണ പരാതിപെട്ടിട്ടും തുറമുഖ അധികൃതരും വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശം കാടുകയറിയതോടെ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായതായും സമീപവാസികൾ ആരോപിക്കുന്നു.
തുറമുഖ നിർമാണം പുരോഗമിക്കുന്ന മുല്ലൂർ പനവിളക്കോട് മേഖലയിലെ നാട്ടുകാരാണ് പരാതിയുമായി രംഗത്തിറങ്ങിയത്. രണ്ട് വർഷം മുൻപ് ഇതു സംബന്ധിച്ച് നാട്ടുകാരുമായി തുറമുഖ അധികൃതർ ചർച്ച നടത്തിയിരുന്നു.
മൂന്ന് മാസത്തിലൊരിക്കൽ കാട് വെട്ടിവൃത്തിയാക്കാമെന്നും സ്ഥലത്തെ വീടകളെ ബന്ധിപ്പിച്ച് ട്രെയിനേജ് സംവിധാനവും, സഞ്ചാരയോഗ്യമായ റോഡുമെല്ലാം ഉറപ്പുനൽകിയിരുന്നു. എന്നാൽ സ്ഥലത്തെ ചുറ്റുമതിൽ നിർമാണം പൂർത്തി ആയതോടെ വാഗ്ദാനങ്ങൾ പാടെ അവഗണിച്ചതായി നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് നിരവധി പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നാട്ടുകാരെയും തെരുവ്നായ്ക്കൾ ആക്രമിക്കുന്ന സംഭവം വരെ അരങ്ങേറി.
2015 ൽ നോട്ടിഫിക്കേഷൻ നടത്തിയെങ്കിലും തർക്കത്തിന്റെ പേരിൽ ഏറ്റെടുക്കാത്തതും സർക്കാർ ഏറ്റെടുത്തതുമായ ഇരുപതോളം ഏക്കർ ഭൂമിയാണ് നാട്ടുകാർക്ക് വിനയായത്.
പ്രദേശം വിജനമായി കാടുമൂടികിടക്കുന്നതിനാൽ മാലിന്യ നിക്ഷേപവും നടക്കുന്നതായി പരാതി ഉയരുന്നു.
എത്രയും പെട്ടെന്ന്കാടു വെട്ടിവൃത്തിയാക്കിയ ശേഷം സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ സ്ഥലത്ത് സിസിടിവി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.