വിഴിഞ്ഞത്ത് പുതിയ മദർഷിപ്പ്
1460793
Saturday, October 12, 2024 6:09 AM IST
വിഴിഞ്ഞം: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് കണ്ടെയ്നറുകളുമായി എംഎസ് സി ലിസ്ബൺ എന്ന മദർ ഷിപ്പ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. 337 മീറ്റർ നീളവും 46 മീറ്റർ വീതിയുമുണ്ട് കപ്പലിന്.
ലൈബീരിയൻ രജിസ്ട്രേഷനിലുള്ള ലിസ്ബൺ 2007 ലാണ് നിർമാണം പൂർത്തിയായി നീറ്റിലിറങ്ങിയത്. കണ്ടെയ്നറുകൾ ഇറക്കിയ ശേഷം കപ്പൽ നാളെ തിരിച്ചു പോകും. ട്രയൽ റൺ തുടങ്ങിയശേഷം ഇതുവരെ 19 കപ്പലുകളാണ് വിഴിഞ്ഞത്ത് കണ്ടെയ്നറുകളുമായി എത്തിയത്.
ഇതിലൂടെ 60,503 ടിഇയു ശേഷിയിൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു സാധിച്ചു. വിഴിഞ്ഞത്തിന് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വെളിവാക്കുന്നത് കൂടിയാണ് ട്രയൽ റണ്ണിലെ കപ്പലുകളുടെ തുടർച്ചയായ വരവ്.