ജി.വി. രാജയിൽനിന്നു സംസ്ഥാന മീറ്റിന് യോഗ്യത നേടിയത് 50 താരങ്ങള്‍
1600408
Friday, October 17, 2025 6:37 AM IST
ആറ്റിങ്ങല്‍: റവന്യൂ ജില്ലാ സ്കൂള്‍ മീറ്റില്‍ നിന്നും സംസ്ഥാന സ്കൂള്‍ മീറ്റിലേക്ക് മത്സരത്തിനു യോഗ്യത നേടിയ താരങ്ങളില്‍ ഹാഫ് സെഞ്ചുറിയുമായി മൈലം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂള്‍.
സ്പോര്‍ട് സ്കൂള്‍ വിഭാഗത്തില്‍ ആറ്റിങ്ങല്‍ ശ്രീപാദം സിന്തറ്റിക് ട്രാക്കില്‍ ജി.വി. രാജയുടെ അശ്വമേധമായിരുന്നു ഇന്നലെ നടന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനമാണ് ജി.വി. രാജാ താരങ്ങള്‍ നടത്തിയത്. മൂന്നു ദിവസംകൊണ്ട് ജി.വി. രാജയുടെ മിടുക്കന്മാര് വാരിക്കൂട്ടിയത് 45 സ്വര്‍ണവും 34 വെളളിയും 10 വെങ്കലവും ഉള്‍പ്പെടെ 89 മെഡലുകളുമായി 255 പോയിന്റുകൾ. 54 അംഗ സംഘമാണ് മൈലത്തുനിന്നും ആറ്റിങ്ങലിലേക്ക് വണ്ടി കയറിയത്. ഇതില്‍ 50 പേരും മെഡല്‍ നേട്ടം സ്വന്തമാക്കി സംസ്ഥാന മീറ്റിനു പോരാടാനുള്ള യോഗ്യത സ്വന്തമാക്കി. മത്സരിച്ച മൂന്നിനങ്ങളിലും സ്വര്‍ണം സ്വന്തമാക്കിയ ശിവപ്രസാദിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
800,1500, 3000 എന്നീ വിഭാഗങ്ങളിലാണ് ശിവപ്രസാദ് ജി.വി. രാജയ്ക്ക് മെഡല്‍ സമ്മാനിച്ചത്. പെണ്‍കുട്ടികളില്‍ ജൂലിയറ്റ് ഷാബിന് 100, 200, 400 മീറ്ററുകളിലും ശ്രീനന്ദ ഹൈജംപ്, ലോംഗ് ജംപ്, 80 മീറ്റര്‍ ഹര്‍ഡില്‍ എന്നിവയില്‍ സ്വര്‍ണം നേടി ട്രിപ്പില്‍ സ്വര്‍ണത്തിന് അവകാശിയായി.
റവന്യൂ ജില്ലാ സ്കൂള്‍ മീറ്റില്‍ ജനറല്‍ കാറ്റഗറിയില്‍ 12 വിദ്യാഭ്യാസ ജില്ലകള്‍ നേടിയ സുവര്‍ണ നേട്ടത്തേക്കാള്‍ ഒന്‍പതു സ്വര്‍ണനേട്ടമാണ് ജി.വി. രാജാ സ്കൂള്‍ മാത്രം സ്വന്തമാക്കിയത്. സ്പോര്‍ട്സ് സകൂള്‍ വിഭാഗത്തില്‍ അയ്യങ്കാളി സ്പോര്‍സ് സ്കൂള്‍ 65.5 പോയിന്റുമായി രണ്ടാമതും 11 പോയിന്റുമായി തിരുവനന്തപുരം സായ് മൂന്നാമതുമെത്തി.